യുഎസിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി യുഎഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സ്. ന്യൂയോർക്കിലെ ജെ എഫ് കെ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസുകളാണ് നവംബറിൽ വർധിപ്പിക്കുക.
ഇത്തിഹാദ് – ജെ എഫ് കെ യുടെ ടെർമിനൽ സ്ഥിരമായി സേവനം ഉറപ്പാക്കുന്ന ആദ്യത്തെ എയർലൈനുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രഖ്യാപനം. കൂടാതെ പുതിയ ഗേറ്റ്വേകളിലേക്ക് യാത്രക്കാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന അധിക ലക്ഷ്യസ്ഥാനങ്ങൾ ചേർക്കാനും കൂടിയാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു .
യു എസിലേക്ക് പോകുന്ന ഇത്തിഹാദ് യാത്രക്കാർക്ക് മിഡിൽ ഈസ്റ്റിലെ ഏക യുണൈറ്റഡ് സ്റ്റേറ്റ്സ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സൗകര്യമായ പ്രീ ക്ലിയറൻസ് സൗകര്യം പ്രയോജനപ്പെടുത്താൻ ഇതുവഴി കഴിയും. വിമാനത്തിൽ കയറുന്നതിനു മുൻപ് അബുദാബിയിലെ എല്ലാ ഇമിഗ്രേഷൻ, കസ്റ്റംസ്, അഗ്രികൾച്ചുറൽ പരിശോധനകൾ നടത്താനും യു എസിലെത്തുമ്പോൾ ഇമിഗ്രേഷനും ക്യൂവും ഒഴിവാക്കാനും പുതിയ സർവീസുകൾ അനുവദിക്കുന്നുണ്ട്.