ബാൾട്ടിമോർ: ചരക്കുകപ്പൽ ഇടിച്ച് ബാൾട്ടിമോറിലെ പാലം തകർന്ന സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് ചരക്കുകപ്പലിടിച്ച് തകർന്നത്. അമേരിക്കൻ സമയം രാത്രി ഒന്നരയോടെയാണ് അപകടമുണ്ടായത്. കപ്പലിടിച്ച് പാലം തകർന്നതോടെ പാലത്തിലൂടെ സഞ്ചരിക്കുകയാണ് പല വാഹനങ്ങളും നേരെ നദിയിലേക്ക് വീണു. അപകടസമയത്ത് പാലത്തിൽ ചില തൊഴിലാളികൾ അറ്റകുറ്റപ്പണി ചെയ്യുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ചും വിവരമില്ല. സ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ രണ്ട് പേരെ പുഴയിൽ നിന്നും രക്ഷിച്ചു ഇതിൽ ഒരാൾക്ക് പരിക്കില്ല. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കടുത്ത തണ്ണുപ്പാണ് നദിയിലെ വെള്ളത്തിന് എന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് ഇന്നലെ രാത്രി തകർന്നത്. രണ്ടര കിലോമീറ്ററോളം നീളമാണ് ഈ പാലത്തിനുള്ളത്. അപകടത്തിൽ എത്ര പേർ ഉൾപ്പെട്ടതായി ഇനിയും വ്യക്തതയില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ദാലി എന്ന കണ്ടെയ്നർ കപ്പലിടിച്ചാണ് പാലം തകർന്നത്. നിരവധി ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 1977ൽ നിർമ്മിതമായ പാലമാണ് തകർന്നത്. അമേരിക്കൻ ദേശീയഗാനം രചിച്ച ഫ്രാൻസിസ് സ്കോട്ട് കീയുടെ പേരിലുള്ള ഈ പാലം നിർമ്മച്ചത് അൻപത് വർഷം മുൻപാണ്.
അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിലെ ബാൾട്ടിമോർ മറൈൻ ടെർമിനലിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. എന്നാൽ തീരം വിട്ട് അരമണിക്കൂറിൽ കപ്പൽ പാലത്തിൻ്റെ തൂണിലേക്ക് ഇടിച്ചു കയറി. ബാൾട്ടിമോർ നഗരത്തിലെ പറ്റാപ്സ്കോ നദിക്ക് മുകളിലൂടെ പോകുന്ന നാല് വരി പാലമാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം.
സിംഗപ്പൂർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് ഡാലി. സിനർജി മറൈൻ ഗ്രൂപ്പിനാണ് കപ്പലിൻ്റെ മേൽനോട്ട ചുമതല. അപകടസമയത്ത് രണ്ട് പൈലറ്റുമാരടക്കം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണ്. ജീവനക്കാരിൽ ഒരാളുടെ തലയ്ക്ക് അപകടത്തിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്.
അപകടകാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. പറ്റാപ്സ്കോ നദിയിലെ ടെർമിനൽ വിട്ട കപ്പൽ തെക്ക് കിഴക്ക് ദിശയിലാണ് ആദ്യം നീങ്ങിയത്. പിന്നീടാണ് ദിശ മാറി പാലത്തിന് നേർക്ക് വന്നത്. പാലത്തിലെ തൂണിൽ ഇടിക്കുന്നതിന് തൊട്ടുമുൻപായി കപ്പലിൻ്റെ പുറംഭാഗത്തുള്ള എല്ലാ ലൈറ്റുകളും പെട്ടെന്ന് അണയുന്നതും കപ്പലിൻ്റെ ഫണലിൽ നിന്നും പുക ഉയരുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
കപ്പലിൻ്റെ എൻഞ്ചിൻ തകരാർ, സ്റ്റിയറിംഗ് തകരാർ, ജനറേറ്ററിൽ തകരാർ, പൈലറ്റിനുണ്ടായ പിഴവ് എന്നിവയിലൊന്നാകാം അപകടത്തിന് കാരണമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അപകടസമയത്ത് കപ്പൽ മന്ദഗതിയിലാണ് സഞ്ചരിച്ചതെങ്കിലും കപ്പലിൻ്റെ വലിപ്പവും ചരക്കുകളുടെ ബാഹുല്യവുമാണ് പാലം തന്നെ ഇടിഞ്ഞു വീഴാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
🚨 Crew onboard the vessel that collided with bridge in Baltimore, USA were all Indians. pic.twitter.com/gryCRY7ldh
— Indian Tech & Infra (@IndianTechGuide) March 26, 2024