ആരോഗ്യ സ്ഥിതി വിഷമകരമാണെന്ന് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി. കേരളത്തിലേക്ക് പുറപ്പെടാനിരിക്കെ മാധ്യമങ്ങളോട് പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം. കിഡ്നിയുടെ അവസ്ഥ പരിതാപകരമാണ്. ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഗരോട്ടെഡ് ആര്‍ട്ടറി കാരണം തലച്ചോറില്‍ രക്തത്തിന്റെ ഒഴുക്ക് നിന്നിട്ട് ഇടക്ക് ഇടക്ക് സ്ട്രോക്ക് ഉണ്ടാവുന്നുണ്ട്. ഡോക്ടര്‍മാര്‍ പറയുന്നത് ശരിയായ ചികിത്സയിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെങ്കില്‍ ഏത് സമയവും സ്ട്രോക്ക് വന്ന് വീണ് പോകാം എന്നാണെന്ന് മഅ്ദനി പറഞ്ഞു.
ജാമ്യം ലഭിച്ചപ്പോള്‍ കേരളത്തിലെത്തി ചികിത്സ നടത്താം എന്ന് ഉണ്ടായിരുന്നെങ്കിലും ഇനി അത് സാധ്യമാകില്ലെന്നും പിതാവിനെ കണ്ട് മടങ്ങാന്‍ മാത്രമേ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
‘ആരോഗ്യ സ്ഥിതി വിഷമകരമാണ്. ക്രിയാറ്റിനിന്‍ ഒന്‍പത് ആയി. കിഡ്നിയുടെ അവസ്ഥ പരിതാപകരമാണ്. ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഗരോട്ടെഡ് ആര്‍ട്ടറി കാരണം തലച്ചോറില്‍ രക്തത്തിന്റെ ഒഴുക്ക് നിന്നിട്ട് ഇടക്ക് ഇടക്ക് സ്ട്രോക്ക് ഉണ്ടാവുന്നുണ്ട്. അത് ഡോക്ടര്‍മാര്‍ പറയുന്നത് ചികിത്സയിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെങ്കില്‍ ഏത് സമയവും സ്ട്രോക്ക് വന്ന് വീണ് പോകാം എന്നാണ്. പക്ഷെ ഇതിനുള്ള സര്‍ജറി പോലുള്ള കാര്യങ്ങള്‍ നടത്താന്‍ ഡൈ ഇന്ജക്ഷന് ( dye injection) നല്കിയാല് കിഡ്നി മുഴുവനായും തകരാറില്‍ ആവുമെന്നും പറയുന്നു. രണ്ടര മാസം ജാമ്യം അനുവദിച്ചപ്പോള്‍ നാട്ടില്‍ പോയി ചികിത്സ നടത്താം എന്നുണ്ടായിരുന്നു. ഇനി ഇപ്പോള്‍ അത് നടക്കില്ല. പിതാവിനെ കണ്ടിട്ട് തിരിച്ച് പോരാം,’ മഅ്ദനി പറഞ്ഞു.
ഒരു മനുഷ്യനും തന്റെ ഗതി വരരുത്, പതിറ്റാണ്ടുകളോളെ ഒരാള്‍ വിചാരണ തടവുകാരനായി തുടരേണ്ടി വരുന്നത് ആ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ്. ഇന്ത്യയില്‍ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി ഇരുന്നവരില്‍ ഒരാളാണ് താന്‍, പതിറ്റാണ്ടുകളോളെ തടവിലിട്ട് ജീവച്ഛവമാകുമ്പോ നിരപരാധിയെന്ന് പറയുന്നത് നീതി ന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാപ്പക്ക് ഓര്‍മ്മയൊക്കെ നഷ്ടമായിത്തുടങ്ങി. എങ്കിലും അദ്ദേഹത്തിന്റെ കൂടെ കുറച്ച് ദിവസങ്ങള്‍ ചെലവഴിക്കണം. പിന്നെ ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കണം. ഇന്ത്യയില്‍ തന്നെ ഏറ്റവും അധിക കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാന്‍. ഞാനത് അഭിമുഖീകരിക്കാന്‍ മാനസികമായി തയാറെടുത്ത വ്യക്തിയാണ്. അടുത്ത കാലത്തൊന്നും തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ഇങ്ങോട്ട് വരുമ്പോള്‍ എനിക്ക് അറിയാമായിരുന്നു. ആസൂത്രിതമായി തന്നെ കുടുക്കിയതായിരുന്നു എന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു.
വൈകീട്ട് 6.20നുള്ള ഇന്‍ഡിഗോ വിമാനത്തിലാവും ബംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന മഅ്ദനിയും സംഘവും കേരളത്തിലെത്തുക. ഏഴോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും. ഭാര്യ സൂഫിയ മഅ്ദനിയും ഒപ്പമുണ്ടാകും. 2017ല്‍ മൂത്ത മകന് ഉമര്‍ മുഖ്ത്താറിന്റെ വിവാഹത്തിനാണ് മഅ്ദനി അവസാനമായി നാട്ടിലെത്തിയത്.
നേരത്തെ മഅ്ദനിക്ക് കേരളത്തില്‍ പോകാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും സുരക്ഷാ ചെലവുകള്‍ക്കായി 62 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് യാത്ര മഅദനി മുന്‍കൈയെടുത്ത് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം ഭരണത്തില്‍ വന്നപ്പോള്‍ തുകയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മഅദനിയുമായി അടുത്ത വൃത്തങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് യാത്രയ്ക്ക് വഴിയൊരുങ്ങിയത്