കുവൈത്ത് സിറ്റി: ചെറിയ പെരുന്നാൾ പ്രമാണിച്ച് കുവൈത്തിൽ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അഞ്ച് ദിവസമായിരിക്കും കുവൈത്തിൽ ചെറിയ പെരുന്നാൾ അവധിയുണ്ടാവുക.
ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് അവധി. ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേർന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല. എന്നാൽ അടിയന്തര ആവശ്യങ്ങൾക്കുള്ള സ്ഥാപനങ്ങളും ജീവനക്കരും പ്രവർത്തനസജ്ജരായിരിക്കും.
അതേസമയം സൗദ്ദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം നാല് ദിവസത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സൗദ്ദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്നാണ് മന്ത്രാലയത്തിൻ്റെ ഉത്തരവിൽ പറയുന്നത്. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 പ്രകാരമാണ് സൗദ്ദിയിൽ അവധി പ്രഖ്യാപിച്ചത്. തൊഴിലുടമകൾ നിർബന്ധമായും അവധി നൽകണം.