ദുബായ്: ഈ ആഴ്ചയുണ്ടായ കനത്ത മഴയും തുടർന്ന് ദുബായ് വിമാനത്താവളത്തിലുണ്ടായ വെള്ളക്കെട്ടും കാരണം താളം തെറ്റിയ ഫ്ളൈ ദുബായ്, എമിറേറ്റ്സ് എയർലൈനുകളുടെ സർവ്വീസുകൾ സാധാരണ നിലയിലേക്ക് എത്തിയതായി അധികൃതർ അറിയിച്ചു.
എമിറേറ്റ്സ് എയർലൈൻസിൻ്റെ പതിവ് വിമാന ഷെഡ്യൂളുകൾ ഇന്ന് (ശനിയാഴ്ച) മുതൽ പുനഃസ്ഥാപിച്ചതായി എമിറേറ്റ്സ് എയർലൈൻ പ്രസിഡൻ്റ് ടിം ക്ലാർക്ക് അറിയിച്ചു. പേമാരിയെ തുടർന്ന് എയർപോർട്ട് ട്രാൻസിറ്റ് ഏരിയയിൽ കുടുങ്ങിയ യാത്രക്കാർക്ക് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഭൂരിപക്ഷം പേരും ഇതിനോടകം ദുബായ് വിട്ടെന്നും ക്ലാർക്ക് പ്രസ്താവനയിൽ പറഞ്ഞു. ” വിമാനത്താവളത്തിൽ കുടുങ്ങി പോയ ഏകദേശം 30,000-ത്തോളം ലഗേജുകൾ ഉടമസ്ഥർക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്നും ക്ലാർക്ക് വ്യക്തമാക്കി.
“ചൊവ്വാഴ്ച ഉണ്ടായ മോശം കാലാവസ്ഥ കാരണം അനവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടിട്ടുണ്ട്. ഏതാണ്ട് 400 ഓളം വിമാനസർവ്വീസുകൾ റദ്ദാക്കുകയും അനവധി വിമാനങ്ങൾ വൈകുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ബേസ് ഹബ്ബായ ദുബായ് വിമാനത്താവളത്തിലേക്ക് ജീവനക്കാർക്ക് എത്താനോ പുറത്തു പോകാനാ സാധിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. രണ്ട് പ്രതിസന്ധികളായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്നത് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കുക, താളം തെറ്റിയ സർവ്വീസുകൾ പുനസ്ഥാപിക്കുക
പേമാരിയെ തുടർന്ന് വിമാനക്കമ്പനി ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള ചെക്ക്-ഇനും ദുബായ് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റും നിർത്തി വച്ചിരുന്നു. ടാക്സിവേകളിൽ വെള്ളം കയറിയതിനെ തുടർന്ന് താളം തെറ്റിയവിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിൽ നിന്നുള്ള ഫ്ലൈദുബായ് സർവ്വീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്.
എമിറേറ്റ്സ് 12,000 ഹോട്ടൽ മുറികളും 250,000 ഭക്ഷണ വൗച്ചറുകളും ദുരിതബാധിതരായ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ടെന്ന് ക്ലാർക്ക് പറഞ്ഞു. റീബുക്ക് ചെയ്ത യാത്രക്കാരുടെ ബാക്ക് ലോഗ് മായ്ക്കാൻ ദിവസങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.