മലപ്പുറം: വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിൽ നിന്നും ഹരിതയിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി നേതാക്കളെ തിരിച്ചെടുത്ത് മുസ്ലീംലീഗ്. ഹരിതയുടെ മുൻഭാരവാഹികളായിരുന്ന നജ്മ തബ്ഷിറ, ഫാത്തിമ തഹ്ലിയ, മുഫീദ തെസ്നി എംഎസ്എഫ് നേതാക്കളായിരുന്ന ലത്തീഫ് തുറയൂർ, കെഎം ഫവാസ് എന്നിവർക്കെതിരായ അച്ചടക്ക നടപടിയാണ് റദ്ദാക്കിയത്. ഇവർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി റദ്ദാക്കിയതെന്ന് സംഘടനയിലേക്ക് തിരികെയെടുത്തതെന്ന് മുസ്ലീം ലീഗ് നേതൃത്വം വിശദീകരിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസിനെതിരെ നൽകിയ പരാതി പിൻവലിക്കാമെന്ന് ഹരിത നേതാക്കൾ ഉറപ്പ് നൽകിയതോടെയാണ് അച്ചടക്ക നടപടികൾ ലീഗ് നേതൃത്വം അവസാനിപ്പിച്ചത്. തിരിച്ചെടുത്തവരെ ഏത് പദവികളിൽ നിയമിക്കണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും എന്നാണ് മുസ്ലീം ലീഗ് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ പറയുന്നത്.
അതേസമയം തിരിച്ചെടുത്തവർക്ക് നേതൃപദവി നൽകാനുള്ള ആലോചന ഉണ്ടായെങ്കിലും എംഎസ്എഫ് നേതൃത്വം ഇതിനെ ശക്തമായി എതിർത്തുവെന്നാണ് സൂചന. ഇതോടെ പാർട്ടി അംഗത്വം നൽകി ഇവരെ തിരിച്ചെടുക്കുകയായിരുന്നു.
പി.കെ നവാസിനെതിരെ പരാതി ഉന്നയിച്ച ഹരിത നേതാക്കളെ പിന്തുണച്ചവരാണ് എംഎസ്എഫ് ജനറൽ സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂരും സംസ്ഥാന സെക്രട്ടറിയായിരുന്ന ഫവാസും. പാർട്ടി നടപടിയെടുത്ത ശേഷവും ഇവർ ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി വിമർശനം നടത്തിയിരുന്നു.