ദുബായ്: ഇന്ത്യക്കാരായ വ്യാപാരികൾക്കും വ്യവസായങ്ങൾക്കും ഉത്പന്നങ്ങൾക്കും മാത്രമായി നിർമ്മിക്കുന്ന ഭാരത് മാർട്ട് 2026-ൽ തുറക്കും. ദുബായിൽ നടന്ന ലോക ഗവർൺമെൻ്റ് ഉച്ചക്കോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചേർന്നാണ് ഭാരത് മാർട്ടിന് തറക്കല്ലിട്ടത്. രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കി 2026-ൽ ഭാരത് മാർട്ട് തുറക്കാനാണ് ദുബായ് സർക്കാർ പദ്ധതിയിടുന്നത്.
ഡിപി വേൾഡാണ് ഭാരത് മാർട്ട് നിർമ്മിക്കുന്നത്. ആഗോളവാണിജ്യകേന്ദ്രമായ ദുബായിൽ ഇന്ത്യൻ കമ്പനികൾക്കും കയറ്റുമതിക്കാർക്കും മാത്രമായി ഒരു വ്യവസായ – വ്യാപാര കേന്ദ്രം എന്ന നിലയിലാണ് ഭാരത് മാർട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യയ്ക്ക് പുറത്തുള്ള ലോകോത്തര ട്രേഡിംഗ് പ്ലാറ്റ്ഫോമായി ഭാരത് മാർട്ട് മാറുമെന്നാണ് ഡിപി വേൾഡിൻ്റെ വാഗ്ദാനം.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ എച്ച്.എച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കെ.സി. വിനയ് ക്വാത്ര, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സർക്കാർ; സഞ്ജയ് സുധീർ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഡിപി വേൾഡ് ഗ്രൂപ്പിൻ്റെ ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തറക്കല്ലിടൽ ചടങ്ങ്.
2030-ഓടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം100 ബില്യൺ യുഎസ് ഡോളറിലെത്തുകയെന്ന ലക്ഷ്യത്തിൽ ഭാരത് മാർട്ട് നിർണായക പങ്കുവഹിക്കും. ജബൽ അലി ഫ്രീ സോണിലെ (ജാഫ്സ) ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് സംവിധാനങ്ങൾ, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവയ്ക്കൊപ്പം, യു.എ.ഇ.യിലേക്കും മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും ഉയർന്ന വളർച്ചാ വിപണികളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ എത്തിക്കാനുള്ള ഏറ്റവും അനുയോജ്യമായ ഭാരത് മാർട്ടെന്ന് ഡിപി വേൾഡ് ജിസിസി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്ല ബിൻ ദമിതൻ പറഞ്ഞു,
2.7 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിഭാവനം ചെയ്തിരിക്കുന്ന ഭാരത് മാർട്ട്, ആദ്യ ഘട്ടത്തിൽ 1.3 ദശലക്ഷം ചതുരശ്ര അടിയിലാവും പ്രവർത്തനം ആരംഭിക്കുക. ഇന്ത്യൻ ബിസിനസുകൾക്ക് യുഎഇയിൽ ആഭ്യന്തരമായി വ്യാപാരം നടത്താനും പ്രാദേശിക, ആഗോള വിപണികളിലേക്ക് വീണ്ടും കയറ്റുമതി ചെയ്യാനുമുള്ള ഒരു മെഗാ വിതരണ കേന്ദ്രമായി ഭാരത് മാർട്ട് പ്രവർത്തിക്കും.
ജബൽ അലി ഫ്രീ സോണിൽ (ജാഫ്സ) സ്ഥിതി ചെയ്യുന്ന മാർക്കറ്റ്, ലോകമെമ്പാടുമുള്ള വ്യാപാരികൾ സഹകരിക്കുന്ന ഹൈബ്രിഡ് റീട്ടെയിൽ മൊത്തവ്യാപാര വിപണിയായ ദുബായ് ട്രേഡേഴ്സ് മാർക്കറ്റ് വഴി ഡിപി വേൾഡ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിശാലമായ വ്യാപാര ആവാസവ്യവസ്ഥയുടെ ഭാഗമായിരിക്കും.
റീട്ടെയിൽ, മൊത്തവ്യാപാര ഉപഭോക്താക്കൾക്കായി 1,500 ഷോറൂമുകളും, 700,000 ചതുരശ്ര അടി വെയർഹൗസിംഗ് സ്ഥലവും, വാടകക്കാർക്ക് സംയോജിത ഫ്രീ സോണും ഓൺഷോർ ആനുകൂല്യങ്ങളും പ്രദാനം ചെയ്യുന്നതാണ് ഭാരത് മാർട്ട് പദ്ധതി. ലൈറ്റ് ഇൻഡസ്ട്രിയൽ യൂണിറ്റുകൾ, ഓഫീസ് സ്ഥലങ്ങൾ, മീറ്റിംഗ് സൗകര്യങ്ങൾ എന്നിവയ്ക്കും ഇവിടെ സ്ഥലമുണ്ടാവും.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തുറമുഖമായ ജബൽ അലി തുറമുഖത്ത് നിന്ന് 11 കിലോമീറ്ററും അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 15 കിലോമീറ്ററും മാറിയാണ് ഭാരത് മാർട്ട് സ്ഥാപിക്കുന്നത്. ഇന്ത്യൻ വ്യാപാരികൾക്ക് 150-ലധികം തുറമുഖങ്ങളിലേക്കും 300-ലധികം വിമാനത്താവളങ്ങളിലേക്കും ഇവിടെ നിന്നും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി നടത്താനുമാവും.