ഒറ്റക്കാലുമായി വീൽചെയറിൽ കറങ്ങി നടന്ന് ഭിക്ഷാടനം നടത്തിയയാളെ ദുബായ് പൊലീസ് പിടികൂടി. പൊലീസിനെ കണ്ടതും ഒരു നിമിഷത്തേക്ക് വൈകല്യം മറന്ന് പോയതാണ് ഭിക്ഷാടകന് വിനയായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാചകനെ പൊലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും ഭിക്ഷയെടുത്ത് സമ്പാദിച്ച 3000 ദിർഹം പൊലീസ് കണ്ടെടുത്തു. റമദാൻ പ്രമാണിച്ച് വിസിറ്റ് വിസയിൽ ദുബായിലെത്തി ഭിക്ഷാടനം നടത്തി വരികയായിരുന്നു ഇയാൾ.
വികലാംഗനായതിനാൽ പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും എന്നാൽ പൊലീസ് പട്രോളിംഗ് സംഘത്തെ കണ്ടതും ഇയാൾ ഓടാൻ ശ്രമിച്ചതായും കേണൽ അലി സലേം അൽ ഷംസി, ഡയറക്ടർ ഓഫ് ഇൻഫിൽട്രേറ്റർ ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
രാജ്യത്ത് ഭിക്ഷാടനം കർശനമായി നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് ശക്തമായ പട്രോളിങ്ങാണ് നടത്തി വരുന്നത്. ഇതുവഴി പ്രതിവർഷം രാജ്യത്തെത്തുന്ന ഭിക്ഷാടകരുടെ എണ്ണം കുറയ്ക്കാൻ സാധിച്ചതായും ദുബായ് പൊലീസ് വ്യക്തമാക്കി. മുൻപും സമാന രീതിയിൽ ഭിക്ഷാടനം നടത്തിയിരുന്നവരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റമദാൻ പ്രമാണിച്ച് വിസിറ്റ് വിസയിൽ രാജ്യത്തെത്തിയാണ് ഇത്തരക്കാർ ഭിക്ഷാടനം നടത്തുന്നത്