ഡൽഹി: ഉത്തർപ്രദേശിലെ ഹാത്രാസിൽ ഭോലൈ ബാബ എന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന പരിപാടിയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 121 ആയി. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിച്ചു. കോവിഡ് കാലത്ത് 50 പേര്‍ക്ക് പങ്കെടുക്കാൻ അനുമതിയുളള പ്രാർത്ഥന യോഗത്തിൽ 50000 പേരെ പങ്കെടുപ്പിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.അതേസമയം, ഹാഥ്റസ് ദുരന്തഭൂമിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു.ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും അവ ആശുപത്രികളിലേക്ക് മാറ്റുന്നതിന്റെയും ഉത്തരവാദിത്തം ഏൽപ്പിച്ച സംഘത്തിലായിരുന്നു രവി യാദവിന് ഡ്യൂട്ടി.
60,000 പേര്‍ക്കു മാത്രം അനുമതി ഉണ്ടായിരുന്നിടത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ എത്തി. അത്രയും പേരെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. തലേ ദിവസം മഴ പെയ്തിരുന്നതിനാൽ വയലില്‍ വഴുക്കൽ ഉണ്ടായിരുന്നു. ദുരന്തത്തിൽ രാജ്യസഭ അനുശോചനം രേഖപ്പെടുത്തി. സമാന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആൾ ദൈവങ്ങളുടെ മേൽ നിയന്ത്രണം വേണമെന്ന് ഖർഗെ പറഞ്ഞു.