തുടർച്ചയായി മൂന്നാം തവണയും ചൈനീസ് പ്രസിഡന്റായി അധികാരമേറ്റ് ഷി ജിൻപിംഗ്. ചൈനീസ് ഭരണഘടനയിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തിനുള്ള രണ്ട് ടേം പരിധി നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് ഷി ജിൻപിംഗിന് മൂന്നാം തവണയും അധികാരം ലഭിച്ചത്. ചൈനീസ് രാഷ്ട്രീയത്തിലെ രണ്ട് സുപ്രധാന സ്ഥാനങ്ങളായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും (സിസിപി) സൈന്യത്തിന്റെയും തലവനായി അദ്ദേഹം പ്രവർത്തിച്ച് വരുകയായിരുന്നു.
മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണയും ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്. അതോടെ, രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനമടക്കം എല്ലാ അധികാരവും 69 കാരനായ ഷി ജിൻ പിങ്ങിന് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷി ജിൻപിങ് മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സൈന്യത്തിന്റെ പൂർണ ചുമതല വഹിക്കുന്ന സെൻട്രൽ മിലിട്ടറി കമീഷൻ ചെയർമാൻ പദവിയും അദ്ദേഹത്തിനാണ്.
ചൈനയിൽ ഏകദേശം അഞ്ച് ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് പാർലമെന്ററി മീറ്റിംഗിന് ശേഷം നേതാക്കൾ അറിയിച്ചു. പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുന്നതിലും തീരുമാനങ്ങളെടുത്തു. പുതിയ പാർലമെന്റ് ചെയർമാനായി ആയി ഷാവോ ലെജിയെയും, പുതിയ വൈസ് പ്രസിഡന്റായി ഹാൻ ഷെങിനെയും ചൈനീസ് പാർലമെന്റ് തിരഞ്ഞെടുത്തു. നേരത്തെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ പാർട്ടി നേതാക്കളുടെ മുൻ സംഘത്തിൽ ഇരുവരും ഉണ്ടായിരുന്നു.