പകൽ ആശുപത്രിയിലെത്തി എൻ.ഐ.സി യുവിലുള്ള അഞ്ചുദിവസം പ്രായക്കാരനായ പിഞ്ചോമനക്ക് മുലപ്പാൽ നൽകും. ശേഷം നേരെ ലുസൈലിലെ കതാറ ടവറിലേക്ക്. ഉച്ചമുതൽ വൈകുന്നേരം വരെ അവിടെ വളന്റിയർ ഡ്യൂട്ടിയിൽ പ്രവേശിക്കും. വീണ്ടും ആശുപത്രിയിലെത്തി കുഞ്ഞിന് മുലപ്പാൽ നൽകി വീട്ടിലേക്ക്. ലോകകപ്പ് വളന്റിയർ ഡ്യൂട്ടിയെ ജീവിതത്തിലെ വലിയൊരു അഭിലാഷമാക്കി മാറ്റിയ മലയാളി വീട്ടമ്മയുടെ ദൈനം ദിന പ്രവർത്തികളാണിത്. പ്രവാസിയായ പാലക്കാട് നെന്മാറ സ്വദേശി താനിയ റിയാസാണ് ഈ ‘വളന്റിയർ മദർ’.
കഴിഞ്ഞ നവംബർ 10നാണ് ലോകകപ്പിന്റെ വി.ഐ.പി അതിഥികളുടെ താമസസ്ഥലമായ കതാറ ടവറിൽ ഗെസ്റ്റ് ഓപറേഷൻ ഓഫിസറായി ഡ്യൂട്ടിയിൽ താനിയ പ്രവേശിച്ചത്. അന്ന് ഏഴുമാസം ഗർഭിണിയായിരുന്നു. തന്നിലർപ്പിച്ച ദൗത്യം നിർവഹിക്കാൻ നിറവയറുമായി എത്തിയപ്പോൾ അതിഥികൾക്കും സഹപ്രവർത്തകർക്കും ഇത് വലിയ കൗതുകമായിരുന്നു. എന്നാൽ പിന്നീടത് ആദരവും അഭിനന്ദനങ്ങളുമായി മാറി. അതേസമയം രക്തസമ്മർദത്തിന്റെയും മറ്റും ബുദ്ധിമുട്ടുകൾ വന്നപ്പോഴൂം ലോകകപ്പ് വളന്റിയർ സേവനം എന്ന ദൗത്യം താനിയ അവസാനിപ്പിച്ചില്ല. പകരം, പ്രതിസന്ധികളെ മറികടന്നുകൊണ്ട് ജോലിയിൽ കൂടുതൽ ശ്രദ്ധ പുലർത്തി.
അവസാനം നവംബർ 29ന് വളന്റിയർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ തന്നെ പ്രസവ വേദനയുമായി ആശുപത്രിയിലേക്കുമെത്തി. എന്നാൽ ചില സങ്കീർണതകൾ കാരണം ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഒടുവിൽ ഡിസംബർ അഞ്ചിന് സിസേറിയനിലൂടെ താനിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഏതാനും ദിവസങ്ങൾക്കുശേഷം വളന്റിയർ ഡ്യൂട്ടിയിലേക്ക് തിരികെയെത്തുകയും ചെയ്തു. ഡിസംബർ പത്തിനും 11നും കതാറ ടവറിൽ വീണ്ടും വളന്റിയർ യൂനിഫോം അണിഞ്ഞെത്തിയ താനിയയെ വിവിധ രാജ്യക്കാരായ സഹപ്രവർത്തകരും മറ്റും മധുരം നൽകിയായിരുന്നു സ്വീകരിച്ചത്.
അതേസമയം പ്രസവശേഷം രണ്ടുദിവസംകൂടി ജോലി ചെയ്ത് വളന്റിയർ ഡ്യൂട്ടി പൂർത്തിയാക്കിയ സന്തോഷത്തിലാണ് താനിയയിപ്പോൾ. സർട്ടിഫിക്കറ്റുകളും സുവനീറും സമ്മാനങ്ങളുമെല്ലാം വാങ്ങി ഖത്തറിന്റെ ചരിത്രനിമിഷത്തിൽ പങ്കാളിയായതിന്റെ പൂർണ്ണ സംതൃപ്തിയോടെ അവർ വളന്റിയർ കുപ്പായം അഴിച്ചു വച്ചു. ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ ലീഗൽ ബ്രാൻഡ് പ്രൊട്ടക്ഷൻ വളന്റിയറായി ജോലി ചെയ്യുന്ന ഭർത്താവ് മുഹമ്മദ് റിയാസും മറ്റു മക്കളായ ഇഷിക സൈനബ്, ഇൻഷിദ മർയം എന്നിവരും എല്ലാ പിന്തുണയുമായി ഈ യാത്രയിലുണ്ടായിരുന്നെന്ന് താനിയ പറയുന്നു.