ഏകദിന ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് വിരാട് കോഹ്ലി. ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി തികച്ച താരം ഒരുപിടി റെക്കോർഡുകൾ കൂടിയാണ് ഇതിനോടൊപ്പം തിരുത്തി എഴുതിയത്. ഇന്നത്തെ സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തിൽ വിരാട് കോഹ്ലി സച്ചിനെ മറികടന്നു. കരിയറിൻ്റെ അൻപതാം ഏകദിന സെഞ്ച്വറിയാണ് മുംബൈ വാംങ്ക്ഡേ സ്റ്റേഡിയത്തിൽ ഇന്ന് വിരാട് സ്വന്തമാക്കിയത്. സുവർണനേട്ടത്തിലേക്ക് കോലി നടന്നു കയറുന്നതിന് സാക്ഷിയായി ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറും പവലിയനിൽ ഉണ്ടായിരുന്നു.

അന്താരാഷ്ട്രക്രിക്കറ്റിൽ ഇതോടെ എൺപത് സെഞ്ച്വറികൾ എന്ന നേട്ടവും വിരാടിന് സ്വന്തമായി (ഏകദിനം 50, ടെസ്റ്റ് 29, ടി20 -7) ഇതു കൂടാതെ ഐപിഎല്ലിൽ മറ്റൊരു ഏഴ് സെഞ്ച്വറികളും വിരാടിൻ്റെ പേരിലുണ്ട്. ഫുട്ബോൾ താരം ഡേവിഡ് ബെക്കാം അടക്കാം വിവിഐപികളുടെ നീണ്ട നിരയാണ് ഇന്ന് കളി കാണാൻ എത്തിയത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും ഇന്നത്തെ മത്സരത്തിൽ വിരാട് സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ (673) എന്ന 2003 ലോകകപ്പിലെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. ന്യൂസിലൻഡിനെതിരായ സെമി ഫൈനലിൽ വ്യക്തിഗത സ്കോർ 80 പിന്നിട്ടപ്പോൾ റെക്കോർഡ് കോലിയുടെ പേരിലായി. ഇക്കാര്യത്തിൽ മുൻ ഓസീസ് താരം മാത്യൂ ഹെയ്ഡൻ മൂന്നാമതായി.
ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാവാനും ഇന്ന് കോലിക്ക് സാധിച്ചു. ഇന്ന് റിക്കി പോണ്ടിംഗിനെയാണ് (13,704)യാണ് കോലി മറികടന്നത്. നിലവിൽ റൺവേട്ടയിൽ മൂന്നാമനാണ് കോലി (14729). സച്ചിൻ (18426), കുമാർ സംഗക്കാര (14234) എന്നിവരാണ് കോലിയുടെ മുന്നിൽ. സനത് ജയസൂര്യ (13430) അഞ്ചാമത്.
