കെ സുധാകരനുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞതുപോലെ തങ്ങള്‍ തമ്മില്‍ ചേട്ടാനുജന്മാര് തമ്മിലുള്ള ബന്ധമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. വലിയ വാര്‍ത്തയാക്കിയത് മാധ്യമങ്ങളാണെന്നും അത്തരത്തില്‍ ഉള്ള പദപ്രയോഗം സാധാരണ ഉപയോഗിക്കുന്നതല്ലേ എന്നും സതീശന് ചോദിച്ചു.
അദ്ദേഹം കുറേ നേരമായി തന്നെ കാത്തിരിക്കുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ അതില്‍ ഒരു കാര്യവുമില്ല. നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആണെങ്കിലും ക്യാമറമാനെ കാണാതിരിക്കുമ്പോള്‍ ഈ വാക്ക് ഉപയോഗിക്കാറില്ലേ, അത്രയേ ഉള്ളു എന്നും സതീശന് പറഞ്ഞു.
‘ഇത് വലിയ വാര്‍ത്തയാക്കിയത് നിങ്ങളല്ലേ, നിങ്ങള്‍ക്ക് വേണ്ടിയാണ് പ്രസിഡന്റ് അത് പറഞ്ഞത്. പോകുന്ന വഴിക്ക് വൈഎംസിഎയില്‍ എനിക്ക് ഒരു ചെസ് ടൂര്‍ണമെന്റ് പങ്കെടുക്കാനുണ്ടായിരുന്നു. ഇവനെവിടെ പോയി കിടക്കുകയായിരുന്നുവെന്ന് എല്ലാവരും പരസ്പരം പറയാറില്ലേ? അദ്ദേഹം പറഞ്ഞതു പോലെ ഞങ്ങള്‍ തമ്മില്‍ ജേഷ്ഠാനുജന്മാരെ പോലെയാണ്. ഞാന്‍ വൈകുമ്പോള്‍ അദ്ദേഹം പറയില്ലേ? ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ലേ അദ്ദേഹം ഇടപെട്ടത്. ഇതിന് നിങ്ങള്‍ എന്തൊക്കെ വാര്‍ത്തയാക്കി? ഹൈക്കമാന്‍ഡ് ഇടപെട്ടു, താക്കീത് നല്കി, എന്നൊക്കെ ആണ് നിങ്ങള്‍ വാര്‍ത്ത നല്‍കിയത്. സമ്മതിച്ചു. അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞതല്ലേ. നമ്മള് ആണെങ്കില്‍ ചിലപ്പോള്‍ ക്യാമറ ഉള്ളത് ശ്രദ്ധിക്കും അത്രയേ ഉള്ളു. പുതുപ്പള്ളിയിലും എന്താണ് സംഭവിച്ചത്. അദ്ദേഹം ആദ്യം പറയണമെന്ന് പറഞ്ഞു. അത് പറഞ്ഞോളാന്‍ ഞാന്‍ പറഞ്ഞു. അത് അത്രയേ ഉള്ളൂ. നിങ്ങള്‍ അല്ലേ അദ്ദേഹത്തിനെതിരെ വാര്‍ത്ത കൊടുത്തത്. അദ്ദേഹം അങ്ങനെ ചോദിച്ചതിന് എന്താണ്?’, സതീശന് പറഞ്ഞു.
വിഡി സതീശന് രാജിഭീഷണി മുഴക്കിയെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് നേരത്തെ സുധാകരനും വ്യക്തമാക്കിയിരുന്നു. സതീശന് നീരസമുണ്ടായിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ചതായും സുധാകരന് പറഞ്ഞിരുന്നു. താനും സതീശനും ജേഷ്ഠാനുജന്മാരെ പോലെയാണെന്നും ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
‘സമരാഗ്നി’യുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശന് എത്താന്‍ വൈകിയതിന് പിന്നാലെയാണ് തെറിവാക്ക് ഉപയോഗിച്ചത്. ക്യാമറയും മൈക്കും ഓണ്‍ ആണെന്നത് ശ്രദ്ധിക്കാതെയാണ് സുധാകരന്റെ അശ്ലീല പദപ്രയോഗം.
ഷാനിമോള്‍ ഉസ്മാന് അടക്കമുള്ള നേതാക്കളാണ് ക്യാമറയും മൈക്കും ഓണ്‍ ആണെന്ന് സുധാകരനെ ധരിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. വിഡി സതീശന് മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താന്‍ വൈകുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ ഇത് എവിടെ പോയികിടക്കുകയാണെന്ന് ചോദിച്ചാണ് അശ്ലീല പദപ്രയോഗം നടത്തിയത്.
അതേസമയം സതീശന് എത്തിയപ്പോള്‍ ഇരുവരും പരസ്പരം സംസാരിക്കുകയും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തെറിവാക്ക് ഉപയോഗിച്ചത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
നേരത്തെ കെ സുധാകരനും വിഡി സതീശനും വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടയില്‍ പരസ്പരം തര്‍ക്കിച്ചത് വലിയ വാര്‍ത്തയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യം പ്രകടമായത്.