കഴിഞ്ഞ നാല് വർഷമായി വളർത്തു നായകൾക്കൊപ്പം കാറിൽ കഴിച്ചു കൂട്ടിയ പ്രവാസി വനിത പ്രിയ ഇന്ദ്രുമണിക്ക് എഡിറ്റോറിയലിന്റെ തണലിൽ പുതുജീവിതം. എഡിറ്റോറിയൽ വാർത്ത ശ്രദ്ധയിൽപെട്ട പഞ്ചാബ് സ്വദേശിനിയും കാർ ഫെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജസ്ബീർ ബസ്സിയാണ് 25 ലക്ഷം രൂപയോളം വരുന്ന ബാധ്യത തീർത്ത് പ്രിയക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്നത്. ചെക്ക് കേസിൽ മാത്രം അമ്പതിനായിരം ദിർഹംസ്, വിസാകാലാവധി കഴിഞ്ഞ് രാജ്യത്ത് നാലുവർഷം അധികം കഴിഞ്ഞതിന്റെ കുടിശ്ശികയുമടക്കം ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് പ്രിയയ്ക്ക് വേണ്ടി ജസ്ബീർ ബസ്സി അടച്ചത്. നാലുവർഷമായി രണ്ടു നായക്കൾക്കും അമ്മയുടെ ചിതാഭസ്മത്തിനുമൊപ്പം കാറിൽ കഴിയുന്ന പ്രിയയ്ക്ക് ഈ ജന്മം തീർക്കാനാവാത്ത ബാധ്യതയാണ് ജസ്ബീർ ബസ്സി ഏറ്റെടുത്തത്.
ലണ്ടനിൽ നിന്നടക്കം മൂന്ന് ഡിഗ്രികൾ കരസ്ഥമാക്കിയ പ്രിയ ഇന്ദ്രുമണിയുടെ നരകതുല്യമായ ജീവിതം മൂന്നാഴ്ച മുൻപാണ് എഡിറ്റോറിയൽ റിപ്പോർട്ട് ചെയ്തത്. വാർത്തയ്ക്ക് പിന്നാലെ നിരവധി സുമനസുകളാണ് പ്രിയയുടെ വിവരങ്ങളന്വേഷിച്ച് എഡിറ്റോറിയലിലേക്ക് വിളിച്ചത്. അതിനിടെ തൃശൂർ സ്വദേശിയായ ബിജുവാണ് തന്റെ കമ്പനി ഉടമയായ ജസ്ബീർ ബസ്സിയെ പ്രിയയുടെ വിവരം ധരിപ്പിച്ചത്. ഉടൻ തന്നെ പ്രിയയെ കാർ ഫെയർ ഗ്രൂപ്പ് ഓഫീസിലേക്ക് ക്ഷണിക്കുകയും ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്തു. ഒപ്പം സ്ഥാപനത്തിൽ പുതിയ ജോലിയും പൊട്ടിപ്പൊളിഞ്ഞ കാറിന് പകരം പുതിയ കാറും വാഗ്ദാനം ചെയ്തു. എന്നാൽ തന്റെ അമ്മയുടെ ഓർമകളുറങ്ങുന്ന പഴയകാർ വിട്ടു പോകാൻ പ്രിയയ്ക്ക് മനസുവന്നില്ല. പുതിയ കാറെന്ന സഹായം സന്തോഷപൂർവം പ്രിയ നിരസിച്ചു.
എഡിറ്റോറിയൽ വാർത്തയെ തുടർന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കൂടി ഇടപെട്ടതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. ഒരു ദിവസം കൊണ്ട് തന്റെ ജീവിതം മാറിമറിഞ്ഞെന്ന സത്യം ഇപ്പോഴും പ്രിയയ്ക്ക് വിശ്വസിക്കാനായിട്ടില്ല. എല്ലാവരോടും നിറകണ്ണുകളോടെ നന്ദി പറയുകയാണ് പ്രിയ. നിറഞ്ഞ മനസോടെ പ്രിയ നടന്നകലുമ്പോൾ ഒരു ജീവിതത്തിൽ കൂടി വെളിച്ചം വീശാനായതിന്റെ ചാരിതാത്ഥ്യമാണ് എഡിറ്റോറിയലിന്