മിത്ത് വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നിലപാടില്‍ വ്യക്തതയില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. ഇവിടെ നടക്കുന്നത് സ്പീക്കറും മരുമകന് മന്ത്രിയും തമ്മില്‍ ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന മത്സരമാണ് എന്ന് മുരളീധരന് കോഴിക്കോട് പറഞ്ഞു.
തീവ്രവാദികളുടെ പിന്തുണ നേടാന്‍ ശ്രമിച്ച് ഭൂരിപക്ഷ സമുദായത്തെ ചവിട്ടി മെതിക്കുകയാണെന്നും എന്നാല്‍ എല്ലാ കാലത്തും അതിന് സാധിക്കില്ലെന്നും മുരളീധരന് പറഞ്ഞു.
എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രബല സമുദായ സംഘടനകള്‍ മുഴുവന്‍ ആവശ്യപ്പെട്ടിട്ടും ഖേദ പ്രകടനം പോലും നടത്താത്ത സ്പീക്കറുടെ സമീപനത്തോട് കോണ്‍ഗ്രസിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. നാളെ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. സ്പീക്കര്‍ തന്നെയാണ് സഭ നടത്തുന്നതെങ്കില്‍ കോണ്‍ഗ്രസ് അതുമായി സഹകരിക്കുമോ എന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് വ്യക്തത വരുത്തണം. വിവാദം അവസാനിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചെന്ന് സിപിഎം പറയുന്നതുകൊണ്ട് എല്ലാം അവസാനിക്കില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
സിപിഎം മാപ്പ് അപേക്ഷിക്കുകയോ ഖേദപ്രകടനം നടത്തുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വിച്ച് ഇടുന്നത് പോലെ ഒരു ദിവസം വിവാദമുണ്ടാക്കുക, അതിന് ശേഷം സ്വിച്ച് ഇടുന്നത് പോലെ അവസാനിപ്പിക്കുക എന്നതൊന്നും നടക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.