എച്ച്1ബി വീസയുടെ ഗ്രേസ് പീരിയഡ് ഉയർത്താൻ യുഎസ് പ്രസിഡന്റിന്റെ ഉപദേശക സമിതി നിർദേശം നൽകി. ജോലി പോയതിനു ശേഷം യുഎസിൽ തുടരാവുന്ന പരമാവധി കാലമാണ് ഗ്രേസ് പീരിയഡ്. ഈ കാലാവധി നീട്ടാനാണ് പുതിയ നിർദേശം. സാധരണ എച്ച്1ബി വീസയുടെ ഗ്രേസ് പീരിയഡ് 60 ദിവസമാണ്. ഇത് 180 ദിവസമാക്കി ഉയർത്താനാണ് യുഎസ് പ്രസിഡന്റിന്റെ ഉപദേശകസമിതി നിർദേശിച്ചത്. ഗ്രേസ് പീരിയഡ് കഴിഞ്ഞിട്ടും വേറെ ജോലി ലഭിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരും. സ്പെഷ്യാലിറ്റി തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്1ബി വീസ.
അതേസമയം ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ, ട്വിറ്റർ എന്നീ ടെക് ഭീമന്മാർ കഴിഞ്ഞ രണ്ട് മാസങ്ങളിലായി വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് 60 ദിവസത്തിനുള്ളിൽ നിരവധി എച്ച് 1 ബി വീസക്കാരെയാണ് ബാധിച്ചത്. അത്തരത്തിൽ ജോലി നഷ്ടപ്പെട്ടവർക്ക് വീസ സ്പോൺസർ ചെയ്യാൻ പെട്ടന്ന് തന്നെ മറ്റൊരു കമ്പനിയെ കണ്ടെത്തേണ്ടതായി വരും. അതിന് കഴിഞ്ഞില്ലെങ്കിൽ അമേരിക്ക വിടേണ്ട അവസ്ഥയുണ്ടാവും എന്നത് എച്ച്1ബി വീസക്കാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും.
നിലവിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട എച്ച് 1 ബി വീസയിലെത്തിയ തൊഴിലാളികൾ ഗ്രേസ് പീരിയഡ് സംബന്ധമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഗ്രേസ് പീരിയഡ് അനുസരിച്ച് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ ജോലി കണ്ടെത്തുക എന്നത് ശ്രമകരമാണ്. കൂടാതെ എച്ച് 1 ബി വീസയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ പേപ്പർവർക്കുകൾ, USCIS-ൽ പ്രോസസ്സിംഗ് കാലതാമസം തുടങ്ങിയ തടസ്സങ്ങളും ഉണ്ടാവും. ഇത് മൂലം എച്ച് 1 ബി വീസക്കാർ രാജ്യം വിടാൻ നിർബന്ധിതരാകും. ഇത് തടയാനാണ് പുതിയ നിർദേശം സമർപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.