തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാവി നാളെയറിയാം. കെറെയിലും ദക്ഷിണ റെയിൽവേ ബോർഡ് അധികൃതരും തമ്മിൽ നാളെ നടക്കുന്ന ചർച്ചയിൽ സിൽവർ ലൈൻ ചർച്ചയാവും. ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയും മറ്റു റെയിൽവേ ഉദ്യോഗസ്ഥരും കെ റെയിൽ എംഡിയും അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥരാണ് നാളത്തെ യോഗത്തിൽ പങ്കെടുക്കുക.
പദ്ധതിക്ക് റെയിൽവേയുടെ അനുമതി കിട്ടണമെങ്കിൽ നിലവിലുള്ള ഡിപിആർ (ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട്) മാറ്റി തയ്യാറാക്കണം. മീറ്റർഗേജിന് പകരം വന്ദേഭാരത് ട്രെയിനുകൾ കൂടി ഓടിക്കാൻ പറ്റുന്ന ബ്രോഡ്ഗേജ് പാത വേണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ റെയിൽവേ പാതയ്ക്ക് സമാന്തരമായി വേണം സിൽവർ ലൈൻ പാത എന്നാണ് റെയിൽവേയുടെ നിർദേശം. പാതയിൽ ഉടനീളം ഡ്രൈനേജ് സംവിധാനം സജ്ജമാക്കണമെന്നും റെയിൽവേ നിർദേശിച്ചിട്ടുണ്ട്.
നിലവിൽ സ്റ്റാൻഡേർഡ് ഗേജിലാണ് ഡിപിആർ തയ്യാറാക്കിയത്. എന്നാൽ ബ്രോഡ്ഗേജ് ലൈനാക്കി വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന തരത്തിൽ ട്രാക്കുകൾ സജ്ജമാക്കണം എന്നാണ് റെയിൽവേയുടെ ആവശ്യം. 250 കിമീ വേഗതയിൽ വരെ സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ അതിവേഗ തീവണ്ടികൾ റെയിൽവേ പുറത്തിറക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പാളങ്ങളുടെ കാര്യത്തിൽ മാറ്റം നിർദേശിക്കപ്പെട്ടിരിക്കുന്നത്. റെയിൽവേ ഭൂമി സിൽവർ ലൈനിനായി വിട്ടു തരില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചിലയിടത്തെങ്കിലും അലൈൻമെൻ്റിൽ മാറ്റം വരും പ്രത്യേകിച്ച് തിരൂർ മുതൽ കാസർഗോട് വരെയുള്ള ഭാഗത്ത്. അതിവേഗ തീവണ്ടികൾ മാത്രം ഓടുന്ന പ്രത്യേക ലൈനായിട്ടാണ് കേരളം സിൽവർ ലൈൻ വിഭാവന ചെയ്തിരുന്നതെങ്കിൽ വന്ദേഭാരത് തീവണ്ടികളും ചരക്കുവണ്ടികളും ഓടിക്കാൻ പറ്റുന്ന റെയിൽവേ ശൃംഖലയാണ് റെയിൽവെ മന്ത്രാലയം ആവശ്യപ്പെടുന്നത്.