ഡൽഹി: കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രിം കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിൻറെതാണ് നിരീക്ഷണം. വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബ്ദുൾ സമദ് എന്ന വ്യക്തി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഒരു വീട്ടമ്മയുടെ അവകാശങ്ങൾ കോടതി അടിവരയിട്ട് പരാമർശിച്ചു.
പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ കുടുംബത്തിൻ്റെ ക്ഷേമത്തിനായി ദിവസം മുഴുവൻ പ്രവർത്തിക്കുന്നവരാണ് വീട്ടമ്മമാരെന്ന് കോടതി പ്രസ്താവിച്ചു. ‘ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടത് ഒരു പുരുഷന് അത്യാവശ്യമാണ്. തൻറെ സാമ്പത്തിക ശേഷി അനുസരിച്ച് സ്വതന്ത്രമായ വരുമാന മാർഗ്ഗമില്ലാത്ത ഭാര്യക്ക് അവളുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്രോതസുകൾ ലഭ്യമാക്കേണ്ടതാണ്.
അതായത് പുരുഷന്റെ സാമ്പത്തിക സ്രോതസ്സുകളിൽ അവൻറെ ഭാര്യക്കും അവകാശമുണ്ടായിരിക്കും’- കോടതി പറഞ്ഞു.