ദുബൈ: ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ മരണമുഖത്ത് നിൽക്കുന്ന 1,000 പലസ്തീൻ കാൻസർ രോഗികളെ യുഎഇയി എത്തിച്ച് അവർക്ക് ആവശ്യമായ ചികിത്സ നൽകാൻ യുഎഇ പ്രസിഡൻ്റ് ഉത്തരവിട്ടു. ക്യാൻസർ രോഗികളെ കൊണ്ടു വരുന്നതിനുള്ള പ്രത്യേക വിമാനം ഉടൻ സജ്ജമാക്കാനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിൽ നിന്നുള്ള എല്ലാ പ്രായത്തിലുമുള്ള കാൻസർ രോഗികളേയും ദുബൈയിലേക്ക് കൊണ്ടു വരാനാണ് ഉത്തരവിൽ പ്രസിഡൻ്റ് പറയുന്നത്. രോഗികളും പരിക്കേറ്റവരുമായ 1,000 ഫലസ്തീൻ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ നേരത്തെ തന്നെ പ്രസിഡൻ്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഗാസയിൽ നിന്നും കുട്ടികളും സ്ത്രീകളും അടങ്ങുന്ന ആദ്യബാച്ച് ഇന്ന് അബുദാബിയിൽ എത്തി. ഇവരെ അബുദാബിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടെ ജീവിതം ദുരിതത്തിലായി പലസ്തീനികളുടെ ദുരിതം ലഘൂകരിക്കാൻ യുഎഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ഗാസ കേന്ദ്രീകരിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലും യുഎഇ സജീവമാണ്. ഗാസ മുനമ്പിൽ ഒരു ഫീൽഡ് ഹോസ്പിറ്റലും ഫലസ്തീനികളുടെ ജലവിതരണത്തിനായി മൂന്ന് ഡീസാലിനേഷൻ പ്ലാന്റുകളും യുഎഇ നിർമ്മിച്ചു വരികയാണ്.
ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം നേരിടുന്ന ഗാസയിൽ നിന്നും ഈജിപ്തിലേക്ക് പാലായനം ചെയ്തവരെയാണ് യുഎഇയിലേക്ക് കൊണ്ടു വരുന്നത്. ഈജിപ്തിലെ എൽ അരിഷ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഗുരുതരമായി പരിക്കേറ്റ പതിനഞ്ച് കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായി പുറപ്പെട്ട വിമാനം ഇന്ന് രാവിലെയാണ് അബുദാബിയിൽ എത്തിയത്.