ദുബൈ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്നലെ രാത്രി ദുബായിലേക്ക് പോയ എയർ ഇന്ത്യ വിമാനം യാത്രക്കാരെ ഇറക്കാനാവാതെ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ട് മണിക്ക് ദുബായിലേക്ക് പോയ വിമാനമാണ് പ്രക്ഷുബ്ധമായ കാലാവസ്ഥയെ തുടർന്ന് തിരികെ വന്നത്. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ദുബായിൽ ഇറങ്ങാൻ അനുമതി കിട്ടാതെ വന്നതോടെ വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ യാത്രക്കാരുമായി തിരികെ കരിപ്പൂരിലേക്ക് പറക്കുകയായിരുന്നു. യാത്രക്കാർക്ക് ഇന്നു വൈകിട്ടോടെ റാസൽ ഖൈമയിലേക്ക് പോകാൻ വിമാനമൊരുക്കുമെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. ആവശ്യപ്പെടുന്നവർക്ക് ടിക്കറ്റ് ചാർജ്ജ് റീഫണ്ട് ചെയ്യാൻ തയ്യാറാണെന്നും എയർഇന്ത്യ അധികൃതർ അറിയിച്ചു.
അതേസമയം ദുബായ് വിമാനത്താവളത്തിൻ്റെ മൂന്ന് ടെർമിനലുകളിലും യാത്രക്കാരെ പ്രവേശിപ്പിച്ചുതുടങ്ങി. എന്നാൽ വിമാനത്താളത്തിൻ്റെ പ്രവർത്തനം ഇതുവരെ പൂർവ്വസ്ഥിതിയിലേക്ക് വന്നിട്ടില്ല. ഇപ്പോഴും യാത്ര ഉറപ്പായ വിമാനങ്ങളിലെ യാത്രക്കാരെ മാത്രമാണ് ടെർമിനലുകളിൽ പ്രവേശിപ്പിക്കുന്നത്.