വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ ഊട്ടിയിലേക്ക് യാത്ര പുറപ്പെടുന്നതിന് തൊട്ട് മുമ്പായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കാത്തതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോള്‍ നാല് ബസുകളിലായി 200 ഓളം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പുലര്‍ച്ചെ തന്നെ എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം മോട്ടോര്‍ വാഹന വകുപ്പ് ബസുകള്‍ പിടിച്ചെടുത്തതോടെ കുട്ടികളും നിരാശരായി.

ഫിറ്റ്നസ് രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാല്‍ മാത്രമേ ബസുകള്‍ വിട്ടു നല്‍കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് പിടിച്ചെടുത്തത്.
വിദ്യാര്‍ത്ഥികളുമായി ടൂര്‍ പോകുന്നതിന് മുമ്പ് എംവിഡിക്ക് മുന്നില്‍ ഹാജരാക്കി ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇവര്‍ അപേക്ഷ നല്‍കുക മാത്രമാണ് ചെയ്തത്. ഇതേതുടര്‍ന്നാണ് എംവിഡി വാഹനങ്ങള്‍ പിടിച്ചെടുത്തത്.
വാഹനങ്ങള്‍ പിടിച്ചെടുത്ത് കാക്കനാട് ആര്‍ടി ഓഫീസില്‍ വെച്ച് പരിശോധന നടത്തിയപ്പോള്‍ നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു.
എന്നാല്‍ അവസാന നിമിഷം ബസ് പിടിച്ചെടുത്തത് പ്രതിസന്ധിയിലായതോടെ വേറെ ബസ് സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് യാത്ര റദ്ദാക്കി.
