തൃശ്ശൂർ: തൃശ്ശൂർ തിരുവില്ലാമലയിലെ ബാലികയുടെ മരണം മൊബൈൽ ഫോണ് പൊട്ടിത്തെറിച്ചല്ലെന്ന് ഫോറൻസിക് പരിശോധന ഫലം. പന്നിപ്പട്ടക്കം പൊട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പരിശോധനാ ഫലത്തിൽ പറയുന്നത്. സംഭവസ്ഥലത്ത് നിന്നും പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ പറമ്പിൽ നിന്നും കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചപ്പോൾ ഉണ്ടായ സ്ഫോടനമാകാം മരണകാരണമായതെന്ന സംശയമാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്.

തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിന് സമീപം കുന്നത്തുവീട്ടിൽ അശോക് കുമാറിൻ്റേയും തിരുവില്ലാമല സഹകരണ ബാങ്ക് ഡയറക്ടർ സൌമ്യയുടേയും എകമകളാണ് മരണപ്പെട്ട ആദിത്യശ്രീ എന്ന എട്ട് വയസ്സുകാരി. ആദിത്യശ്രീ വീട്ടിനകത്തെ റൂമിൽ മൊബൈൽ ഉപയോഗിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.ഇതേ തുടർന്നാണ് ഫോണ് പൊട്ടിത്തെറിച്ചാവാം സ്ഫോടനമുണ്ടായത് എന്ന നിഗമനത്തിലേക്ക് എല്ലാവരും എത്തിയത്.

സ്ഫോടനം നടന്ന മുറിയിലെ കിടക്കയും മറ്റു അവശിഷ്ടങ്ങളും പരിശോധിച്ചതിലാണ് സ്ഫോടകവസ്തുവിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പന്നി ശല്യമുള്ള മേഖലയിൽ പന്നിക്ക് കെണിവച്ച പടക്കം കുട്ടി എടുത്തു കൊണ്ടു വന്ന് മുറിയിൽ വച്ച് കളിച്ചപ്പോളാവാം പൊട്ടിത്തെറിയുണ്ടായ് എന്നാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
