മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിൽ കേരള പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധം അറിയിച്ചു. വാർത്താ ചർച്ചക്കിടെയുണ്ടായ പരാമർശത്തിന്റെ പേരിലാണ് വിനു വി ജോണിനെ പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാൽ ഇത്തരത്തിലൊരു സംഭവം കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിജ്ഞ ബദ്ധമായ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ നടപടി അപലപനീയമാണെന്നും കെ യു ഡബ്ള്യൂ ജെ വ്യക്തമാക്കി.
അതേസമയം ഈ കേസ് അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പ്രസ്താവനയിൽ ആവശ്യപെട്ടു. വാർത്താപരിപാടിക്കിടെ ആക്രമണ ഭീഷണി നടത്തിയെന്ന സിഐടിയു നേതാവും സിപിഎം രാജ്യസഭാ അംഗവുമായ എളമരം കരീമിന്റെ പരാതിയിലാണ് വിനു വി ജോണിനെ ചോദ്യം ചെയ്തത്.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിനു വി ജോണിന് നോട്ടീസ് നൽകിയിരുന്നു. സിആര്‍പിസിയിലെ 41 എ പ്രകാരമാണ് നോട്ടീസ്. ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ 2022 മാര്‍ച്ച് 28 മുതൽ രാജ്യത്ത് നടത്തിയ 48 മണിക്കൂര്‍ പണിമുടക്കാണ് കേസിന് അടിസ്ഥാനം. കൂടാതെ സമാന കുറ്റം ഇനി ചെയ്യരുതെന്നും തെളിവുകള്‍ ഇല്ലാതാക്കരുതെന്നുമുള്ള നിര്‍ദേശങ്ങളും നോട്ടീസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയിട്ടുണ്ട്. കൂടാതെ ചോദ്യം ചെയ്യേണ്ട മതിയായ കാരണം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.