അനധികൃതമായി രാജ്യത്ത് പ്രവേശിച്ച 487 ഇന്ത്യൻ പൌരൻമാരെ യു.എസ് സർക്കാർ ഉടനെ തിരിച്ചയക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് 487 പേരെ ഉടനെ അമേരിക്ക തിരിച്ചയക്കും എന്ന അറിയിപ്പ് കിട്ടിയ കാര്യം വ്യക്തമാക്കിയത്.
487 ഇന്ത്യക്കാർ ഡീപോർട്ട് ഓർഡർ കിട്ടി കാത്തിരിപ്പുണ്ടെന്നാണ് അമേരിക്കൻ സർക്കാരിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ വിവരം. ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം തുടരുകയാണെന്നും അന്തിമ കണക്കിൽ ഡീപോർട്ട് ചെയ്യുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
അമേരിക്ക കൈമാറിയ 487 പേരുടെ വിവരങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ചു വരികയാണ്. ഇവരുടെ നാട്ടിലെ ബന്ധുകളെ നേരിൽ ബന്ധപ്പെട്ട് ഇന്ത്യൻ പൌരൻമാരാണെന്ന് ഉറപ്പിച്ച ശേഷമായിരിക്കും തിരികെ കൊണ്ടു വരാനുള്ള അനുമതി ഇന്ത്യ അമേരിക്കൻ സർക്കാരിന് നൽകുക.
ജനുവരി അഞ്ചിന് അമേരിക്കൻ വ്യോമസേനയുടെ സി 17 വിമാനത്തിൽ 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ച് അയച്ചിരുന്നു. കൈയും കാലും ബന്ധിച്ച നിലയിൽ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ പ്രതിപക്ഷ കക്ഷികൾ അതിശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ സാധാരണ യാത്രാവിമാനത്തിൽ ഇവരെ തിരികെ എത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു എന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച വിദേശകാര്യ സെക്രട്ടറി ഈ വിഷയം ഗൌരവമുള്ളതാണെന്നും ഇക്കാര്യത്തിൽ അമേരിക്കൻ സർക്കാരുമായി സംസാരിക്കുന്നുണ്ടെന്നും അറിയിച്ചു. 15668 ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കാൻ ശ്രമിച്ച് പിടിയിലായിട്ടുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ നേരത്തെ അറിയിച്ചത്. 2009 മുതലുള്ള കണക്കാണിത്.