യുഎഇ ദേശീയദിനവുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളിൽ ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നിവയ്ക്ക് അബുദാബി നഗരത്തിലേക്ക് പ്രവേശന നിരോധനം. 30ന് പുലർച്ചെ ഒരു മണി മുതൽ ഡിസംബർ 4 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. റോഡിലെ ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കാനാണ് നടപടി. ശൈഖ് സായിദ്, ശൈഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങൾ ഉൾപ്പെടെ അബുദാബി ഐലൻഡിലെ എല്ലാ റോഡുകളിലും തെരുവുകളിലും നിരോധനം ബാധകം.
അവശ്യസാധനങ്ങൾ എത്തിക്കാനും ശുചീകരണ വാഹനങ്ങൾക്കും ഇളവുണ്ടെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി അറിയിച്ചു. യുഎഇ ദേശീയദിനം, സ്മാരക ദിനം എന്നിവ പ്രമാണിച്ച് 4 ദിവസം അവധിയായതിനാൽ തിരക്കു കണക്കിലെടുത്ത് നഗരത്തിലെ നിരീക്ഷണം പൊലീസ് ശക്തമാക്കുകയാണ്. നിയമലംഘകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.