കേന്ദ്ര സർക്കാർ പ്രവാസി വോട്ടവകാശം നടപ്പിലാക്കാനൊരുങ്ങുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് സമയത്തിനും സാഹചര്യത്തിനും അനുസരിച്ചായിരിക്കും പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടത്. രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങൾക്ക് മേൽ നടത്തുന്ന കൈകടത്തലാണ് ഈ നിർദ്ദേശമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രതികരിച്ചു.
പ്രവാസി വോട്ടവകാശം, ഓൺലൈൻ വോട്ടിംഗ്, എക്സിറ്റ് -അഭിപ്രായ സർവേ എന്നിവയെ നിയന്ത്രിക്കുന്ന നിയമഭേദഗതികൾ തുടങ്ങിയ 80 ഓളം പരിഷ്ക്കരണ നിർദ്ദേശങ്ങളാണ് സർക്കാരിന് മുമ്പിൽ ഉള്ളത്. അതേസമയം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും വിശദമായ റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ആവശ്യമാണ്. കേന്ദ്രം ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികതയെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശം സിപിഐഎം, കോൺഗ്രസ്, ആർ ജെ ഡി, ഡി എം കെ, തുടങ്ങിയ പാർട്ടികൾ എതിർപ്പറിയിച്ചു. ജനപ്രാധിനിധ്യ നിയമത്തിലെ ഭേദഗതിയിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതിനകം തന്നെ നിരവധി ചർച്ചകൾ നടന്നു കഴിഞ്ഞിട്ടുണ്ട്.