അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കെല്ലാം ആരോഗ്യഇൻഷുറൻസ് നിർബന്ധമാക്കി. ജനുവരി ഒന്ന് മുതൽ വീട്ടുജോലിക്കാർ അടക്കം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരും ആരോഗ്യ ഇൻഷുറൻസ് എടുക്കണം. തൊഴിലാളികൾക്ക് ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ജനുവരി ഒന്നു മുതൽ പുതിയ വിസ എടുക്കാനോ നിലവിലെ വിസ പുതുക്കാനോ സാധിക്കില്ല. അബുദാബി, ദുബായ് എമിറേറ്റുകളിലെ വിസക്കാർക്ക് മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഇപ്പോൾ ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ,ഫുജൈറ എമിറേറ്റുകളിലേക്കും കൂടി ചട്ടം വ്യാപിക്കുന്നതോടെ യുഎഇയിലാകെ സ്വകാര്യ മേഖലയിൽ ഇൻഷുറൻസ് നിർബന്ധമാകും.
ചികിത്സ ചെലവ് താങ്ങാനാവാതെ നാട്ടിൽ പോയി ഡോക്ടറെ കാണാൻ കാത്തിരുന്ന് പ്രതിസന്ധിയിലാവുന്ന പല പ്രവാസികൾക്കും പുതിയ ഭേദഗതി ഗുണം ചെയ്യും. ചട്ടപ്രകാരം തൊഴിലുടമയാണ് ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത്. ഇതിനായി ജീവനക്കാരിൽ നിന്നും പണം പിരിക്കാൻ പാടില്ലെന്നും ചട്ടമുണ്ട്. ഫാമിലി വിസയുള്ള ജീവനക്കാർ അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം.
നിർബന്ധിത ആരോഗ്യഇൻഷുറൻസ് തൊഴിലുടമകൾക്ക് അധിക ബാധ്യത വരുത്തുമെങ്കിലും കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ. ദുബായ്, അബുദാബി എമിറേറ്റുകളിലേതിലും കുറഞ്ഞ നിരക്കിൽ വടക്കൻ എമിറേറ്റുകളിൽ ഇൻഷുറൻസ് ലഭ്യമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. കമ്പനികളുടേയും തൊഴിൽ ഉടമകളുടേയും ആവശ്യമനുസരിച്ച് അനുയോജ്യമായ പാക്കേജുകൾ അവതരിപ്പിക്കുമെന്ന് കമ്പനികൾ വ്യക്തമാക്കി.