റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തി. ഗവർണർ ആർ എൻ രവി നിരോധന ഓർഡിനൻസിന് അംഗീകാരം നൽകിയിട്ടുണ്ട്. ഒക്ടോബർ 17ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ ഓൺലൈൻ ഗെയിമുകൾക്ക് നിരോധനമേർപ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാവുകയാണ് തമിഴ്നാട്.
ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളും നേരത്തേ ഓൺലൈൻ ഗെയിമുകൾ നിരോധിച്ചിരുന്നു. അതേസമയം, ഓൺലൈൻ ഗെയിമുകളിൽ കൂടുതൽ പണം ചിലവഴിച്ച് സാമ്പത്തിക നഷ്ടമുണ്ടായവരുടെ ആത്മഹത്യാ നിരക്ക് കൂടുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച പഠനത്തിന് റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ. ചന്ദ്രുവിൻ്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിരുന്നു.
ജൂൺ 27 നാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ശേഷം മന്ത്രിസഭയിൽ അവതരിപ്പിക്കുകയും പൊതുജനാഭിപ്രായം തേടുകയും ചെയ്തു. അതേസമയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് തയ്യാറാക്കിയത്.ഓഗസ്റ്റ് 29 ന് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചതോടെ ഗവർണറുടെ അംഗീകാരവും തേടുകയായിരുന്നു.