പാലക്കാട്: നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. സുധാകരൻ (56), മാതാവ് ലക്ഷ്മി (75) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിൽ വച്ചുമാണു മരിച്ചത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം.
തിങ്കളാഴ്ച രാവിലെ 10 മണിക്കാണു കൊലപാതകം നടന്നത്. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു. 2019ലാണു പ്രതി സജിതയെ കൊലപ്പെടുത്തിയത്. ഒന്നര മാസം മുൻപ് ചെന്താമര ജാമ്യത്തിലിറങ്ങി. തുടർന്നു സുധാകരനെയും മീനാക്ഷിയെയും കൊല്ലുമെന്നു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
തങ്ങൾക്കു വധഭീഷണിയുള്ളതായി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നു യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. നിലവിൽ ചെന്താമര ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് നെന്മാറ പൊലീസ് സംഘം.