ഖത്തർ ലോകകപ്പ് ഇനി സെമി ഫൈനലിന്റെ ആവേശത്തിലേക്കു കടന്നതിന് പിന്നാലെ കളിക്കളത്തിലെ പന്തിലും മാറ്റം. ഇതുവരെയുള്ള മത്സരങ്ങളിൽ ഉപയോഗിച്ച ‘അൽ രിഹ്ല’ക്കു പകരം സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഇനി ഔദ്യോഗിക പന്തായി ‘അൽ ഹിൽമ്’ ഉപയോഗിക്കുമെന്ന് ഫിഫ അധികൃതർ അറിയിച്ചു. ‘അൽ ഹിൽമ്’ എന്നാൽ സ്വപ്നം എന്നാണ് അർത്ഥം. സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ‘കണക്ടഡ് ബാൾ’ എന്ന ആശയത്തിലാണ് അഡിഡാസ് പുതിയ പന്തിനെ അവതരിപ്പിച്ചിട്ടുള്ളത്.
നേരത്തെയുണ്ടായിരുന്ന ‘അൽ രിഹ്ല’യ്ക്ക് യാത്ര എന്നായിരുന്നു അർത്ഥം. ഗ്രൂപ് റൗണ്ട്, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ഇതുവരെ പൂർത്തിയായ 56 മത്സരങ്ങൾക്കും ഉപയോഗിച്ചത് ഈ പന്താണ്. പന്തിനുള്ളിൽ സ്ഥാപിച്ച ഐ.എം.യു സെൻസർ വഴി ഡേറ്റകൾ ഒഫീഷ്യലുകൾക്ക് വിഡിയോ മാച്ച് കൈമാറുകയാണ് ചെയ്യുക. ഇത് മൂലം ഏറ്റവും വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നതാണ് ഈ ലോകകപ്പിലെ സാങ്കേതികവിദ്യ.
അതേസമയം അൽ രിഹ്ലയിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് ‘അൽ ഹിൽമ്’ പന്തുമെന്ന് ഫിഫ ഫുട്ബാൾ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ജൊഹാനസ് ഹോസ് മ്യൂളർ പറഞ്ഞു. എന്നാൽ അൽ രിഹ്ലയിലെ സാങ്കേതികവിദ്യകൾ തന്നെയാണ് ഇതിലും ഉപയോഗിക്കുന്നതെങ്കിലും നിറത്തിലും രൂപകൽപനയിലും ‘അൽ ഹിൽമി’ന് ചെറിയ മാറ്റങ്ങളുണ്ട്. മരുഭൂമിയും ലോകകപ്പ് ട്രോഫിയുമെല്ലാം പന്തിന്റെ പുതിയ മാറ്റം പ്രചോദനമായി വരുന്നുണ്ട്.