റിയാദ്: പള്ളിയിൽ നിസ്കരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ സൗദ്ദി അറേബ്യയിൽ നടപ്പാക്കി. ആബിദ് ബിൻ മസ്ഊദ് ബിൻ ഹസൻ അൽ ഖഹ്താനി എന്ന സൗദി പൗരൻ്റെ വധശിക്ഷയാണ് നടപ്പാക്കിയത്
പള്ളിയിൽ നിസ്കരിച്ചുകൊണ്ടിരിക്കുകായിരുന്ന അലി ബിൻ മുഹമ്മദ് ബിൻ ദാഫിർ അഖഹ്താനി എന്ന സൗദ്ദി പൗരനെയാണ് ഇയാൾ വെടിവെച്ചു കൊന്നത്. വിചാരണയ്ക്ക് ശേഷം കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. അപ്പീലുമായി പ്രതി മേൽക്കോടതികളെ സമീപിച്ചെങ്കിലും വിധിയിൽ മാറ്റമുണ്ടായില്ല. കേസിലെ നടപടികളെല്ലാം പൂർത്തിയായതോടെ വധശിക്ഷ നടപ്പാക്കാനുള്ള സൗദി ഭരണാധികാരിയുടെ ഉത്തരവും വന്നു. ഇതിനു പിന്നാലെയാണ് സൗദ്ദിയിലെ അസീർ പ്രവിശ്യയിൽ വച്ച് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദ്ദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സുരക്ഷാസൈനകിരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷയും സൗദ്ദിയിൽ കഴിഞ്ഞ ദിവസം നടപ്പാക്കി. ഹുസൈൻ അലി മുഹൈശി, ഫാദിൽ സകി അൻസീഫ്, സകരിയ്യ മുഹൈശി എന്നീ സൗദി പൗരന്മാരുടെ വധശിക്ഷയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സഊദിയുടെ കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭീകര സംഘങ്ങളിൽ ചേർന്നു പ്രവർത്തിക്കുക, സുരക്ഷാ സൈനികർക്ക് നേരെ വെടിയുതിർക്കുക, ഭീകരവാദികൾക്ക് ഒളിവിൽ താമസിക്കാൻ സഹായം നൽകുക, ആയുധങ്ങൾ ശേഖരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഈ കേസുകൾക്ക് പറമെ പ്രതികളിൽ ഒരാൾ സ്ത്രീ പീഡന കേസിലും, ഒരാളെ പിടിച്ചുവെച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച കേസിൽ മറ്റൊരാളും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.