കൊച്ചി: വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച മുതൽ സന്തോഷ് ചികിത്സയിലായിരുന്നു. കട്ടപ്പന സ്വദേശിയാണ്. 63 വയസ്സായിരുന്നു. സ്വാമി അമൃത ചൈതന്യ എന്ന പേരിലാണ് സന്തോഷ് മാധവൻ ആത്മീയ ജീവിതം നയിച്ചിരുന്നതും പല കേസുകളിലും പ്രതിയായതും.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയായ സന്തോഷ് മാധവൻ കോടതി ശിക്ഷിച്ച ശേഷം വർഷങ്ങളോളം ജയിലിലായിരുന്നു. ജയിൽ മോചിതനായ ശേഷം പുറം ലോകവുമായി വലിയ ബന്ധമില്ലാതെയാണ് സന്തോഷ് ജീവിച്ചിരുന്നത്.
കട്ടപ്പന വെയർഹൌസിംഗ് ഡിപ്പോയിലെ ചുമട്ട് ജീവനക്കാരൻ്റെ മകനായിരുന്ന സന്തോഷ് അമൃത ചൈതന്യയായി വളർന്ന കഥ തന്നെ ഏറെ കൌതുകമുള്ളതാണ്. ശാന്തിതീരം എന്ന പേരിൽ സന്തോഷ് സ്ഥാപിച്ച ആശ്രമത്തിലാണ് പ്രായപൂർത്തിയാക്കാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയത്. ഈ കേസിൽ 2009 മെയിൽ സന്തോഷിന് കോടതി 16 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഗൾഫ് മലയാളിയായ സ്ത്രീയിൽ നിന്നും 45 ലക്ഷം രൂപ തട്ടിയ കേസിലും ഇയാൾ പ്രതിയായിരുന്നു.
പത്താം ക്ലാസ്സ് തോറ്റതോടെ പഠനം നിർത്തിയ സന്തോഷ് കട്ടപ്പനയിലെ ചെരുപ്പ് കടയിൽ സെയിൽസ് മാനായിട്ടാണ് ജീവിതം ആരംഭിച്ചത്. പിന്നീട് കൊച്ചി കലൂരിലുള്ള ഒരു ക്ഷേത്രത്തിൽ പരികർമിയായി ജോലി കിട്ടി. ഇവിടെ നിന്നും പൂജാവിധികൾ പഠിച്ചെടുത്ത സന്തോഷ് പിന്നീട് തൃപ്പൂണിത്തുറ തുരുത്തിയിലുള്ള ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിയിൽ പ്രവേശിച്ചു. ജ്യോതിഷിയായും മറ്റും പേരെടുത്ത സന്തോഷ് ഇവിടെ നിന്നാണ് ഭക്തരെ ആകർഷിച്ചു തുടങ്ങിയത്. വിദേശത്തടക്കം നിരവധി ബന്ധങ്ങൾ ഇവിടെ വച്ച് സന്തോഷ് നേടിയെടുത്തു. പല വട്ടം അവിടേക്ക് പോകുകയും ചെയ്തു.
സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി ബന്ധം സ്ഥാപിച്ച സന്തോഷ് ക്ഷേത്രത്തിന് അടുത്തുള്ള ഒരു പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇയാളോടൊപ്പം പോയ പെണ്‍കുട്ടി ഒന്നരമാസത്തിന് ശേഷം ബന്ധം വേർപ്പെടുത്തി തിരിച്ചെത്തി. തുരുത്തി ക്ഷേത്രത്തിൽ മേൽശാന്തി ജോലി തുടരുന്നതിനിടെ അപ്രത്യക്ഷനായ സന്തോഷ് പിന്നീട് മൂന്ന് വർഷം കഴിഞ്ഞ് സ്വാമി അമൃതചൈതന്യയായാണ് തിരിച്ചെത്തിയത്. ഇക്കാലത്ത് ഉത്തരേന്ത്യയിലെ ഒരു ആശ്രമത്തിലായിരുന്നു താനെന്നാണ് ഇയാൾ വീട്ടുകാരെ അറിയിച്ചിരുന്നത്. പിന്നീട് സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരും സന്തോഷിൻ്റെ ഭക്തരും ശിഷ്യരും ആശ്രിതരുമായി മാറി.
കോടികളുടെ സ്വത്താണ് ഇക്കാലയളവിൽ ഇയാൾ നേടിയത്. എന്നാൽ കന്യാപൂജ എന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞതോടെ സന്തോഷിൻ്റെ രാജകീയ ജീവിതത്തിനും അവസാനമായി. ഇടപ്പള്ളിയിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടികൾക്ക് വേണ്ടി സന്തോഷ് അനാഥാലയം നടത്തിയിരുന്നു. ഇവരുടെ വിദ്യാഭ്യാസവും മറ്റും ചെലവുകളും വഹിച്ച് സംരക്ഷിക്കുന്ന രക്ഷകർത്താവ് എന്ന നിലയിലാണ് ഇദ്ദേഹം പുറത്ത് അറിയപ്പെട്ടത്. എന്നാൽ ഇവിടെ താമസിച്ചിരുന്ന ഏഴ് പെൺകുട്ടികളെയെങ്കിലും സന്തോഷ് ലൈംഗീകമായി പീഡിപ്പിച്ചിരുന്നു എന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്.