അബഹ: താമസരേഖ പുതുക്കാൻ വൈകിയ ഇന്ത്യക്കാരനെ പൊലീസ് പിടികൂടി നാടുകടത്തി. സൗദിയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ് ഇഖാമ പുതുക്കുന്നതിൽ മൂന്ന് തവണ കാലവിളംബം വരുത്തിയാൽ നാടുകടത്തും എന്ന നിയമം. ഇതുപ്രകാരമാണ് മലപ്പുറം ഇടക്കര സ്വദേശി റിസ്വാനെ നാടുകടത്തിയത്.
മുമ്പ് രണ്ടുതവണ ഇഖാമ പുതുക്കാൻ വൈകിയ റിസ്വാൻ ഫൈൻ അടച്ച് പുതുക്കിയിരുന്നു. മൂന്നാമതും ഇഖാമ കാലാവധി കഴിഞ്ഞപ്പോൾ മുമ്പ് ചെയ്തപോലെ ഫൈൻ അടച്ച് പുതുക്കാൻ കഴിയും എന്ന വിശ്വാസത്തിലായിരുന്നു. ഇതിനിടെ സാധനങ്ങൾ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണിൽ എത്തിയപ്പോൾ റിസ്വാനോട് പൊലീസ് പതിവ് പരിശോധനയുടെ ഭാഗമായി ഇഖാമ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥർ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാക്കിയതോടെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.