ഇസ്ലാമാബാദ്: പാകിസ്ഥാൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അഫ്ഗാൻ താലിബാൻ്റെ എട്ട് സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ മാധ്യമങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട അഫ്ഗാൻ താലിബാൻ സൈനികരിൽ രണ്ട് കമാൻഡർമാരും ഉൾപ്പെടുന്നുവെന്നാണ് വിവരം. പാക്-അഫ്ഗാൻ അതിർത്തിയിലെ പലോസിൻ മേഖലയിൽ ശനിയാഴ്ച താലിബാൻ കനത്ത ആയുധങ്ങളുമായി പാകിസ്ഥാൻ ചെക്ക്പോസ്റ്റിൽ ആക്രമണം നടത്തിയതായും ഇതോടെ പാകിസ്ഥാൻ സൈന്യം തിരിച്ചടിച്ചതായും സൈനി വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാൻ പത്രമായ ഡോൺ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് പ്രധാന കമാൻഡർമാരായ ഖലീൽ, ജാൻ മുഹമ്മദ് എന്നിവരെ തിരിച്ചറിഞ്ഞതായി സൈനിക വൃത്തങ്ങൾ പറയുന്നു. ഏറ്റുമുട്ടലും മരണവും സംബന്ധിച്ച് പാകിസ്ഥാൻ സൈന്യത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. തർക്കത്തിലുള്ള അഫ്ഗാൻ അതിർത്തിയിൽ ഔട്ട്പോസ്റ്റ് നിർമാണവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നത്.
സംഘർഷത്തെ തുടർന്ന് പാക്ക് – അഫ്ഗാനിസ്ഥാൻ അതിർത്തി വഴിയുള്ള വ്യാപാരവും ചരക്കുനീക്കവും ആഴ്ചകളായി നിർത്തിവച്ചിരിക്കുകയാണ്. ഞായറാഴ്ചയും അതിർത്തിയിൽ ഇടയ്ക്കിടെ വെടിവയ്പ്പ് നടന്നിരുന്നുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡോൺ റിപ്പോർട്ടിലുണ്ട്.
നേരത്തെ അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ അഫ്ഗാൻ താലിബാനെ ആശങ്ക അറിയിച്ചിരുന്നു. പാകിസ്ഥാനകത്ത് അഫ്ഗാൻ താലിബാൻ്റെ പിന്തുണയോടെ തീവ്രവാദ പ്രവർത്തനങ്ങൾ സജീവമാണ്. ഇതിന് പുറമേയാണ് അതിർത്തിയിൽ പാകിസ്ഥാൻ സുരക്ഷാ സേനകൾക്ക് നേരെയുള്ള താലിബാൻ ആക്രമണം.