വിസ്മയങ്ങൾ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായ് എക്സ്പോ സിറ്റി നാളെ മുതൽ വീണ്ടും തുറക്കുന്നു. എന്നാൽ സുസ്ഥിരത പ്രമേയമാക്കിയ ടെറയും യു എ ഈ ചരിത്രം പറയുന്ന ആലിഫും നേരത്തേ തന്നെ തുറന്നിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളെ വാസ്തു വിദ്യകൾക്കൊണ്ടും കാഴ്ചകൾ കൊണ്ടും അതിശയിപ്പിച്ച എക്സ്പോ ഇനി എന്നും കാണാം.
പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുക എന്നതാണ് ടെറ മുന്നോട്ട് വയ്ക്കുന്ന ആശയം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിലനിൽപ്പിന് ഭൂമിയുടെ ഓരോ സൂക്ഷ്മാണുവും വിലപ്പെട്ടതാണെന്ന് ടെറ വ്യക്തമാക്കുന്നു. അതേസമയം യു എ ഇ യുടെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ആലിഫ്. അറബ് നാടിന്റെ പൗരാണികതയിൽ നിന്ന് ഭൂമികയിലേക്കുള്ള കൂടുമാറ്റമാണിത്. അതേസമയം എക്സ്പോയുടെ 80 ശതമാനവും അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. ഇവിടേക്ക് കൂടുതൽ കാണികളും സംരംഭകരും എത്തുമെന്നാണ് വിലയിരുത്തുന്നത്.
സൽ റിയൽ വാട്ടർ ഫീച്ചർ, അൽ വാസൽ പ്ലാസ, സ്ത്രീകളുടെയും കുട്ടികളുടെയും പവലിയൻ, വിഷൻ പവലിയൻ,എന്നിവ വൈകാതെ തുറക്കും. അതേസമയം ഓപ്പർച്യുണിറ്റി പവലിയൻ എക്സ്പോ മ്യുസിയമാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ നിലനിർത്തും. കൂടാതെ ദുബായ് മെട്രോയിലൂടെ എത്തിച്ചേരാവുന്ന എക്സ്പോയെ തുറമുഖവുമായും മറ്റ് രണ്ട് വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.