കോവളത്ത് നിന്ന് കല്യാണത്തിന് തൊട്ട് മുമ്പ് പെണ്‍കുട്ടിയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോയി. കോവളത്തെ ക്ഷേത്ര പരിസരത്ത് നിന്നാണ് വിവാഹം കഴിക്കാന്‍ പോകുന്നതിന് തൊട്ട് മുമ്പ് പെണ്‍കുട്ടിയെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടിച്ചുകൊണ്ട് പോയത്.
എന്നാല്‍ പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി തനിക്ക് യുയാവിന്റെ ഒപ്പം പോയാല്‍ മതിയെന്ന് പറഞ്ഞതോടെ കേസ് തീര്‍പ്പാക്കി മജിസ്ട്രേറ്റ് പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു. കായംകുളം സ്വദേശി ആല്‍ഫിയയ്ക്കും കോവളം സ്വദേശി അഖിലിനുമാണ് വിവാഹിതരാകാന്‍ പോകുന്നതിനിടെ ദുരനുഭവം നേരിടേണ്ടി വന്നത്.
വെള്ളിയാഴ്ച കോവളം പൊലീസ് സ്റ്റേഷനില്‍ വെച്ച് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അതിന് പിന്നാലെ വീട്ടുകാര്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കാണാന്‍ ഇല്ലെന്ന് പരാതി നല്‍കുകയായിരുന്നു.
അഖിലിനൊപ്പം മജിസ്ട്രേറ്റ് ആല്‍ഫിയയെ വിട്ടയച്ചതോടെ ഇരുവരും അടുത്ത ദിവസം വിവാഹിതരാകും.
ആല്‍ഫിയ വീട് വിട്ട് കോവളത്തെത്തിയ കാര്യം ആല്‍ഫിയയുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നെന്ന് അഖില്‍ പറയുന്നു. അന്ന് തന്നെ ആല്‍ഫിയയുടെ ബന്ധുക്കള്‍ കോവളത്തെത്തിയെന്നും പൊലീസില്‍ കേസ് കൊടുക്കുകയായിരുന്നുവെന്നും അഖില്‍ പറഞ്ഞു.