ഏപ്രിൽ ഒന്നുമുതൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.
നിരക്ക് യുക്തിസഹമാക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിക്കുന്നത്. നിരക്ക് പിന്നീട് നിശ്ചയിക്കും. രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കേരളത്തിലാണെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിട നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്. കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കാൻ വൈകുന്നു എന്നതാണ് പരാതികളിൽ ഭൂരിഭാഗവും.
നടപടിക്രമങ്ങൾ ലഘൂകരിക്കാൻ നടപടി സ്വീകരിച്ചതായും എം ബി രാജേഷ് പറഞ്ഞു. ഇനിമുതൽ നഗരങ്ങളിൽ കെട്ടിട നിർമ്മാണ പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാം. മുൻസിപ്പൽ, കോർപ്പറേഷൻ പരിധിയിലാണ് ഇത് ആദ്യം നടപ്പാക്കുക. പഞ്ചായത്ത് തലത്തിൽ അടുത്ത ഘട്ടത്തിൽ നടപ്പാക്കും. ഫിസിക്കൽ വെരിഫിക്കേഷൻ പൂർണമായി ഒഴിവാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
സ്വയം സാക്ഷ്യപ്പെടുത്തലോടുകൂടിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. നിലവിൽ സ്വയം സാക്ഷ്യപ്പെടുത്തൽ ഓപ്ഷനലാണ്. ഇനിമുതൽ കെട്ടിട നിർമ്മാണ പെർമിറ്റിന് സ്വയം സാക്ഷ്യപ്പെടുത്തലോടുകൂടി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിച്ച് ഉടൻ തന്നെ പെർമിറ്റ് ലഭിക്കുന്ന വിധമാണ് ക്രമീകരണം. ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പെർമിറ്റ് നൽകുന്നത്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
300 ചതുരശ്രമീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കാണ് അപേക്ഷ ഓൺലൈൻ ആക്കിയത്. ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവർക്കാണ്. പുതിയ സംവിധാനം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. പുതിയ വീട് വെയ്ക്കുന്നവർക്കാണ് ഇത് ബാധകമാകുക. വീട് വെയ്ക്കാൻ വരുന്ന കാലതാമസം ഒഴിവാകും. കൂടാതെ ഫിസിക്കിൽ വെരിഫിക്കേഷന് നഗരസഭ ഉദ്യോഗസ്ഥർക്ക് വരുന്ന ജോലി ഭാരം കുറയും. അവർക്ക് പദ്ധതി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. കൂടാതെ അഴിമതി ഒഴിവാക്കാൻ സാധിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.