ചോക്ലേറ്റ് നായകനെന്ന താര പരിവേഷത്തിൽ നിന്നും ക്യാരക്ടർ റോളുകളും തനിക്ക് ചേരുമെന്ന് കുറച്ച് വർഷങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ എന്ന മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ചാക്കോച്ചന്റേതായി ഇറങ്ങിയ അഞ്ചാംപാതിര, നിഴൽ, പട എന്നീ സിനിമകൾ വ്യത്യസ്തമായ പ്രമേയം കൊണ്ടും വേറിട്ട പ്രകടനങ്ങൾ കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് ‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമയിലെ ഗാനരംഗവും ചാക്കോച്ചന്റെ പുതുമയാർന്ന ഡാൻസുമാണ്. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന സിനിമയിലെ ‘ദേവദൂതർ പാടി…’ എന്ന ഗാനം റിപ്രൊഡ്യൂസ് ചെയ്ത് ഉപയോഗിച്ചിരിക്കുകയാണ് ഈ സിനിമയിൽ. ഗാനത്തിന്റെ യൂട്യൂബ് വിഡിയോ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ 10 മില്യൺ വ്യൂസ് നേടിയിരുന്നു. പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഗാനം. ഒപ്പം ചാക്കോച്ചന്റെ പെർഫോമൻസിനെയും വാനോളം പുകഴ്ത്തുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലു മാളിൽ എത്തിയ ചാക്കോച്ചൻ ‘ദേവദൂതർ പാടി എന്ന പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്നതാണ് വൈറൽ ആവുന്നത്. ഉത്സവ പറമ്പുകളിലെ ഗാനമേളയ്ക്ക് പാട്ടുമായി യാതൊരു ബന്ധവുമില്ലാതെ ഡാൻസ് കളിക്കുന്ന ആളായാണ് ചാക്കോച്ചൻ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. ജാക്ക്സൺ അർജോ ആണ് റിപ്രൊഡ്യൂസ് ചെയ്ത ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്. ചാക്കോച്ചന്റെ വ്യത്യസ്തമാർന്ന പ്രകടനം ഈ സിനിമയിൽ പ്രതീക്ഷിക്കാമെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രം ഓഗസ്റ്റ് 11 ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.