തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ നിന്ന് അത്ഭുതകരമായി അതിജീവിച്ച കുഞ്ഞു പെൺകുട്ടി അഫ്രയ്ക്കിനി പുതുജീവിതം. ഭൂകമ്പത്തിൽ തകർന്നു വീണ നാലുനിലക്കെട്ടിടത്തിനുള്ളിൽ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ചോരക്കുഞ്ഞായിരുന്ന അഫ്രയെ രക്ഷിച്ചത്. സിറിയയിലെ ആലെപ്പോ പ്രവിശ്യയിലെ ജിന്‍ഡാരിസില്‍ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽപ്പെട്ട ഗർഭിണി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തുമ്പോൾ കുഞ്ഞിൻ്റെ പൊക്കിൾക്കൊടി അറ്റിരുന്നില്ല.
ഭൂകമ്പത്തിൽ അമ്മയെയും അച്ഛനെയും നാല് സഹോദരങ്ങളെയുമാണ് കുഞ്ഞിന് നഷ്ടമായത്. കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധരായി നിരവധിപ്പേര്‍ മുന്നോട്ട് വന്നെങ്കിലും കുഞ്ഞിന്റെ പിതാവ് അബ്ദുള്ളയും മാതാവ് അഫ്ര മിലേഹയെയും തിരിച്ചറിഞ്ഞതോടെ കുഞ്ഞിനെ പിതാവിന്റെ സഹോദരി ദത്തെടുക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ആഫ്രിന് ജില്ലയിലെ ജിഹാന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ പിതാവിന്റെ സഹോദരി ഹലായും ഭര്‍ത്താവ് ഖലീല്‍ അല്‍ സവാദിയും ദത്തെടുത്തത്. ദുരന്തമുഖത്ത് കുഞ്ഞിന് ജന്മം നല്കി മരണത്തിന് കീഴടങ്ങിയ അമ്മയുടെ ഓര്‍മ്മയ്ക്കാണ് കുഞ്ഞിന് അഫ്ര എന്ന പേര് നല്‍കിയിരിക്കുന്നത്. ആഫ്ര ഒരുപാട് പേരുടെ ഓര്‍മ്മയാണെന്ന് ദമ്പതികള്‍ പ്രതികരിച്ചു.
സ്വന്തം മകളായ ആലയ്ക്കും അഫ്രയ്ക്കുമൊപ്പമുള്ള ഖലീലിന്റെ ചിത്രം ഇതിനോടകം പുറത്തുവന്നിരുന്നു. ഭൂകമ്പത്തിൻ്റെ മൂന്നാം ദിവസമാണ് ആല പിറന്നത്. ഇരുവരേയും ഒരുപോലെ വളര്‍ത്തുമെന്നാണ് ഖലീല്‍ പറയുന്നു. ഡിഎന്‍എ പരിശോധന അടക്കമുള്ളവ പൂര്‍ത്തിയാക്കിയാണ് അഫ്രയെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
ഫെബ്രുവരി 6നുണ്ടായ ഭൂകമ്പത്തില്‍ സിറിയയില്‍ മാത്രം 5800 പേരാണ് കൊല്ലപ്പെട്ടത്. തുർക്കിയില്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39,000 കവിഞ്ഞു.