എഡിറ്റോറിയലും – ട്രൂത്ത് ഗ്രൂപ്പ് ചേർന്ന് സംഘടിപ്പിക്കുന്ന മാംഗല്യം വിവാഹചടങ്ങിൻ്റെ ലോഗോ പ്രകാശനം നിർവഹിച്ച് നടൻ മമ്മൂട്ടി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിവാഹം നടത്താനുള്ള ചടങ്ങാണ് എഡിറ്റോറിയൽ സംഘടിപ്പിക്കുന്ന മാംഗല്യം.
2023-ൽ മാംഗല്യത്തിൻ്റെ ആദ്യ എഡിഷനിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കളുടേയും വയനാട് മുട്ടിൽ ഓർഫനേജ് ഹോമിലെ പെൺകുട്ടികളുടേയുമടക്കം പതിനൊന്ന് പേരുടെ വിവാഹമായിരുന്നു കൊച്ചിയിൽ വച്ച് ആഘോഷമായി നടത്തിയത്. ഈ വർഷം ഭിന്നശേഷിക്കാരും കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരുമായ 20 പേരുടെ വിവാഹമാവും മാംഗല്യം വേദിയിൽ നടക്കുക.
സമൂഹവിവാഹം എന്ന സങ്കൽപത്തെ തന്നെ മാറ്റിനിർവചിച്ചു കൊണ്ട് വരൻ്റേയും വധുവിൻ്റേയും അവരുടെ കുടുംബാംഗങ്ങളേയും ഒരുമിച്ച് നിർത്തി അവർക്കൊപ്പം വിശിഷ്ട അതിഥികളും ചേർന്നു കൊണ്ടായിരുന്നു മാംഗല്യംവേദിയിൽ പതിനൊന്ന് പേരും പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. 11 കല്ല്യാണം ഒരുമിച്ച് നടത്തുന്നതിനപ്പുറം ഒരുവേദിയിൽ പതിനൊന്ന് വിവാഹങ്ങളും വേറെ വേറെ ആയി നടത്തി വധൂവരൻമാരുടെ സ്വപ്നമാംഗല്യം സാഫല്യമാക്കാനായിരുന്നു എഡിറ്റോറിയൽ ലക്ഷ്യമിട്ടത്. ഇതോടൊപ്പം ഒൻപത് പേർക്ക് മക്കളുടെ വിവാഹം നടത്താനുള്ള സാമ്പത്തിക സഹായവും നൽകിയിരുന്നു. അപേക്ഷകരിൽ നിന്നും പ്രത്യേക ജൂറി തെരഞ്ഞെടുക്കുന്നവരെയാണ് മാംഗല്യം പദ്ധതിയുടെ ഭാഗമാക്കുക.
എല്ലാത്തിനും ഉപരി വധൂവരൻമാരുടെ സന്തോഷത്തിന് പ്രധാന്യം നൽകിയുള്ള മാംഗല്യത്തിൻ്റെ വിജയമാണ് കൂടുതൽ വിപുലമായ രീതിയിൽ ഈ വർഷവും ചടങ്ങ് നടത്താൻ വഴിയൊരുക്കിയത്. ഇക്കുറി ട്രൂത്ത് ഗ്രൂപ്പ് ചെയർമാനും പ്രവാസി വ്യവസായിയുമായ സമദാണ് മാംഗല്യത്തിൻ്റെ മുഖ്യസ്പോൺസർ. മലയാളം സിനിമകൾ ജിസിസിയിലും ഇന്ത്യയ്ക്കും പുറത്തും മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിസിൻ്റെ അമരക്കാരൻ കൂടിയാണ് സമദ്. ലോകത്തേറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസായ ടർബോ എന്ന മമ്മൂട്ടി ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് നിർവഹിച്ചത്.