ജല്ലിക്കട്ട് നടത്തുന്നതിന് അനുമതി നല്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിയമത്തിന് അംഗീകാരം നല്കി സുപ്രീം കോടതി. ജല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി പറഞ്ഞു.
സംസ്ഥാനത്തിന്റെ സംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് തമിഴ്നാട് നിയമസഭ തന്നെ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ജുഡീഷ്യറിക്ക് അതില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജല്ലിക്കട്ടുമായി ബന്ധപ്പെട്ട നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് മൃഗ സ്നേഹികള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
ജല്ലിക്കട്ട് സുപ്രീം കോടതി റദ്ദുചെയ്തിരുന്നെങ്കിലും ഇതിനെ മറികടക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു.