റിയാദ്: മത്സ്യബന്ധനത്തിനായി പോയ തമിഴ്നാട് സ്വദേശിയായ പ്രവാസി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ പുതുപ്പേട്ട സുനാമി നഗർ സ്വദേശിയായ മഹാദേവൻ ആണ് മരിച്ചത്. 55 വയസ്സായിരുന്നു.
മൂന്ന് വർഷത്തോളമായി ജിസാനിൽ ഈസ മുഹമ്മദ് ഈസ സമക്കി എന്ന സ്ഥാപനത്തിൽ മത്സ്യ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുൻപ് മാത്രമാണ് മഹാദേവൻ നാട്ടിൽ പോയി തിരിച്ചെത്തിയത്. ഇന്ദിരയാണ് മഹാദേവൻ്റെ ഭാര്യ. മക്കൾ മഹാദേവി, മധുമിത.
ജിസാനിലെ ജനറൽ ആശുപത്രിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ജിസാൻ ഐസിഎഫ് പ്രവർത്തകർ അറിയിച്ചു. ഐസിഎഫ് പ്രവർത്തകരായ താഹ കിണാശ്ശേരി, സിറാജ് കുറ്റ്യാടി, മുഹമ്മദ് സ്വാലിഹ് കാസർകോട്, ഹാരീസ് പട്ട്ള, ലത്തീഫ് കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. മഹാദേവൻ്റെ സഹപ്രവർത്തകനായ ജനഗ ഭൂപതിയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്.