വയനാട് ചെട്ടിയാലത്തൂർ കാട്ടിലെ ഊരിലെ കൊച്ചു വീട്ടിൽ ഇത്രയും നാൾ രാജു ഒറ്റയ്ക്കായിരുന്നു ,കൂട്ടിനുണ്ടായിരുന്നത് അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും പറഞ്ഞ് കേട്ടിടുളള ഓർമ്മകൾ മാത്രം.അപൂർവ്വ രോഗം അച്ഛനെയും അഞ്ച് സഹോദരൻമാരെയും മൂന്ന് സഹോദരിമാരെയും കവർന്ന് എടുത്തു. അകാലത്തിൽ അമ്മയെയും രാജുവിന് നഷ്ടമായി.
ഒരു സഹോദരിയെ മാത്രമേ നേരിട്ട് കണ്ടിട്ടുളളു.ചെട്ടിയാലത്തൂർ കാട്ടിലെ ഊരിൽ നിന്നും സമയത്തിന് ആളുകളെ എത്തിക്കാൻ സാധിക്കാത്തും ജീവനുകൾ നഷ്ടമാകുന്നതിന് കാരണമായി. നാലാം വയസിൽ എല്ലാവരും നഷ്ടമായ രാജുവിന് ഈ കഴിഞ്ഞ 28 വർഷം താങ്ങും തണലുമായത് പോറ്റമ്മയാണ്. കുറച്ച് നാളായി കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും അപൂർവ്വ രോഗം ബാധിച്ച് കുടുംബാഗങ്ങൾ മരണപ്പെട്ടുന്ന പാരമ്പര്യമുളലത് കൊണ്ട് പലരും രാജുവിന്റെ ജീവിത്തതിലേക്ക് കടന്നു വരുവാൻ വിസമ്മതിച്ചു. പക്ഷേ കാലം രാജുവിന് വേണ്ടി കാത്ത് വെച്ചത്, നഷ്ട്ടമായ സ്നേഹം മൊത്തതിൽ നൽകാൻ സാധിക്കുന്ന ഒരു കൂട്ടായിരുന്നു…രഞ്ചിത. നെല്ലിപുര സ്വദേശിയായ രഞ്ചിത കൂലി പണിയെടുത്താണ് ജീവിക്കുന്നത്.
പത്താം ക്ലാസ്സ് വരെ പഠിച്ചിടുണ്ട്. പഠിക്കുമ്പോൾ കാലിന് വന്ന അസുഖം കാരണം, പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. രഞ്ചിത ജീവിത്തതിലേക്ക് വരുന്നതോട് കൂടി ഇനി സ്നേഹിക്കാനും ഇണങ്ങാനും പിണങ്ങാനും ഒരു കുടുംബം കൂടിയാണ് 32 കാരനായ രാജുവിന് ലഭിക്കുന്നത്.ഈ മാസം അവസാനം നടക്കാനിരിക്കുന്ന കല്യാണ ദിനത്തിനായി കാത്തിരിക്കുകയാണ് രണ്ടാളും.