തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ആത്മത്യ ചെയ്ത സംഭവത്തിൽ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുകയായിരുന്ന ഐബി ഉദ്യോഗസ്ഥ ഡ്യൂട്ടി കഴിഞ്ഞ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാരിൻ്റെ കർശന നടപടി.
സുകാന്ത് ഐ.ബി ഉദ്യോഗസ്ഥയായ യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം നേരിടുന്ന കാര്യം കേരള പൊലീസ് നേരത്തെ ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം.
സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിൻെറ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസിൻ്റെ കണ്ടെത്തൽ. പെണ്‍കുട്ടി ഗർഫഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും ഉള്‍പ്പെടെ പൊലിസിന് ലഭിച്ചു. സുകാന്തുമായി ഫോണിൽ സംസാരിച്ചു കൊണ്ടാണ് യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽചാടി മരിച്ച സംഭവം കേന്ദ്ര ഏജൻസികളും കേരള പൊലീസും ഏറെ ഗൌരവത്തോടെയാണ് കണ്ടത്. എന്നാൽ അന്വേഷണത്തിൻ്റ തുടക്കത്തിൽ പൊലീസ് കാണിച്ച മെല്ലെപ്പോക്കാണ് സുകാന്ത് ഒളിവിൽ പോകാൻ കാരണമായതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻെറ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്.
കേസെടുത്തതിന് പിന്നാലെ സുകാന്ത് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ ഒളിവിൽ പോയ ഇയാളെയും കുടുംബത്തേയും ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.