ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം തള്ളി അമേരിക്ക. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടന്നിരുന്നു. ഇതിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം തള്ളിയത്.

വെടിനിര്‍ത്തല്‍ ഹമാസിന് വീണ്ടും സംഘടിക്കാന്‍ സഹായിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ഗസയിലെ സാധാരണക്കാര്‍ക്കുള്ള മാനുഷിക പിന്തുണ നല്‍കുന്നതിനാണ് അമേരിക്ക സജ്ജമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബന്ദികളായവരെ മോചിപ്പിക്കുന്നതുവരെ വെടിനിര്‍ത്തല്‍ അജണ്ടയിലില്ലെന്ന് ഇസ്രയേലും അറിയിച്ചു. ജോര്‍ദാന്‍, സൗദി, യുഎഇ, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരാണ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയത്. ജോര്‍ദാന്‍, ഈജിപ്ത് വിദേശകാര്യ മന്ത്രിമാരാണ് അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്.
വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയതിന് പിന്നാലെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് തുര്‍ക്കിയിലേക്ക് പോകും. ഇതിനിടെ ഇസ്രയേല്‍ സൈന്യം ഗസയിലെ അധിനിവേശം കൂടുതല്‍ ശക്തമാക്കി.
