സ്നേഹ സമ്പന്നമായ കേരളപ്പെരുമ വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളിൽ യു എ ഇയിലുള്ള എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ബോധവൽക്കരണവുമായി ഐ സി എഫ് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ഭാരവാഹികൾ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസ ലോകത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളും ജനകീയാടിത്തറയുമുള്ള ഐ സി എഫ് 2023 ജനുവരി മുതൽ മാർച്ച് വരെ വൈവിധ്യമായ പരിപാടികളുടെ രണ്ടാം ഘട്ടത്തിലാണ്.
ഏറെ വിശ്രുതമായ കേരളത്തിൻ്റെ പൂർവ്വകാല സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും നന്മകൾ കൂടുതൽ പ്രസരിപ്പിക്കുകയാണ് കാമ്പയിൻ്റെ ലക്ഷ്യം. അതിരുകളില്ലാത്ത സ്നേഹ-സഹവർത്തിത്വത്തിൻ്റെ സൗന്ദര്യമായിരുന്നു കേരളത്തിൻ്റെ മുഖശ്രീ. അതിന് വിഘാതമാവുന്ന തരത്തിൽ വിദ്വേഷത്തിൻ്റെ വിഷം പേറുന്ന ചില ചിന്താഗതികളും വിഷവിത്തുകളും നമ്മുടെ മനോഹരമായ അന്തരീക്ഷത്തെ പൊടിപടലമാക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഏറെ ആശങ്കയുയർത്തുന്ന പശ്ചാത്തലത്തിലാണ് ഈ കാമ്പയിൻ നടത്തുന്നത്.
നമ്മുടെ സാമൂഹിക ജീവിതത്തെയും കൂട്ടായ്മകളെയും ഭിന്നിപ്പിച്ച് നിര്‍ത്താനും പരസ്പര വിദ്വേഷവും അകലവും വളര്‍ത്തിയെടുക്കാനും ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാതെ പരസ്പരം ഒത്തൊരുമയോടെ ജീവിച്ച പ്രദേശങ്ങളില്‍ പോലുമിന്ന് ഭിന്നിപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രവര്‍ത്തനങ്ങൾ നടക്കുന്നു.
നമ്മുടെ നാട് സ്നേഹ സൗഹൃദത്താൽ സുരക്ഷിതമായി നിലനിൽക്കണമെങ്കിൽ എല്ലാത്തരം അപായങ്ങൾക്കെതിരെയും സമൂഹം ഉണർന്നിരിക്കണം. പഴയ കാലത്തെ സാമൂഹിക ബന്ധങ്ങള്‍ പുനർനിര്‍മിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു ഉണർത്തലാണ് ഐ. സി. എഫ്. നടത്തിക്കൊണ്ടിരിക്കുന്നത്.
സ്നേഹത്തിൻ്റെ കൈമാറ്റങ്ങൾ കൊണ്ട് ഊഷ്മളമായ മലയാളിത്തത്തെ എല്ലാ തിളക്കത്തോടെയും തിരിച്ചുപിടിക്കാനും വെറുപ്പിൻ്റെ എല്ലാവിധ നികൃഷ്ടതകളെയും സൗഹൃദത്തിൻ്റെ സ്നേഹപരിചരണം കൊണ്ട് ഉണക്കിക്കളയാനുള്ള ജാഗ്രതയാണ് സ്നേഹകേരളം കാമ്പയിൻ.
ജനമനസുകളിലേക്ക് സ്നേഹ സൗഹൃദ സന്ദേശം നേരിട്ട് കൈമാറുക എന്ന ഏറ്റവും ജനകീയമായ ദൗത്യമാണ് ഇതിൻ്റെ ഭാഗമായി സംഘടന ഏറ്റെടുത്ത പ്രഥമ പ്രവർത്തനം. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ‘മീറ്റ് ദി പീപ്പിൾ’ എന്ന ഈ സന്ദേശ കൈമാറ്റത്തിൽ ഐ സി എഫ് ഘടകങ്ങളിലെ പ്രവർത്തകർക്ക് ഐതിഹാസികമായ മുന്നേറ്റമാണ് നടത്തിയത്. സൗഹൃദം പൂത്തുലഞ്ഞ ഈ യാത്രയെ സ്നേഹഹർഷങ്ങളോടെ പ്രവാസി സമൂഹം സ്വീകരിച്ചുവെന്നത് നൽകുന്ന ശുഭപ്രതീക്ഷ ചെറുതൊന്നുമല്ല. 3 പേരടങ്ങിയ 1452 ടീമുകൾ 83287 പേർക്ക് നേരിട്ട് സന്ദേശം കൈമാറി.
കാമ്പയിൻ്റെ രണ്ടാം ഘട്ടത്തിൽ പ്രവാസലോകത്ത് വ്യത്യസ്ത പരിപാടികൾ നടക്കും. മൂന്നാം ഘട്ടമായി കേരളത്തിലും വിപുലമായ പദ്ധതികളും രൂപപ്പെടുത്തിയിട്ടുണ്ട്.
ഏഴ് നാഷണൽ തലത്തിൽ ഹാർമണി കോൺക്ലേവ്, അഞ്ച് പ്രൊവിൻസുകളിൽ ഹാർമണി കൊളോക്യം, 80 സെൻട്രലുകളിൽ ‘സ്നേഹത്തണലിൽ, നാട്ടോർമകളിൽ’, 700 സെക്ടർ, യൂണിറ്റ് തലത്തിൽ ചായച്ചർച്ച, വീഡിയോ സന്ദേശം എന്നിവയാണ് പ്രവാസത്തിൽ നടക്കുന്ന പരിപാടികൾ. വിവിധ മതവിശ്വാസികൾ കൂട്ടായും ഒറ്റക്കും സ്നേഹ കേരളത്തിൻ്റെ പ്രാധാന്യത്തെ-ക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ഓഡിയോ സന്ദേശങ്ങൾ സോഷ്യൽ മീഡിയ സങ്കേതങ്ങൾ വഴി പ്രചരിപ്പിക്കും. പ്രവാസലോകം പ്രത്യേകിച്ച് കാത്ത് സൂക്ഷിക്കുന്ന ആഴത്തിലുള്ള സൗഹൃദത്തെ ആഘോഷിക്കുന്നവയാവും ഇവ.
പരിപാടികളിൽ കേരളത്തിൽ നിന്നുള്ള മതമേലധ്യക്ഷന്മാർ, പണ്ഡിതന്മാർ, മന്ത്രിമാർ, എം.പി.മാർ, എം എൽ എമാർ, രാഷ്ട്രീയ കക്ഷി പ്രമുഖർ, സാഹിത്യകാരന്മാർ, വ്യാവസായിക പ്രമുഖർ, സാമൂഹിക, സാംസ്കാരിക സംഘടന നേതാക്കൾ, പത്രപ്രവർത്തകർ, ശ്രദ്ധേയ വ്യക്തിത്വങ്ങൾ, മറ്റു പ്രമുഖർ തുടങ്ങിയവർ സ്നേഹ കേരളം വീണ്ടെടുക്കാനും നിലനിർത്താനുമുള്ള കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും അവതരിപ്പിക്കും.
കേരളത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്നേഹപ്പഞ്ചായത്ത്, സംസ്ഥാന തലത്തിൽ സെമിനാർ എന്നിവയും നടക്കും. ഇതിൻ്റെ ഭാഗമായി ലോഞ്ച് ചെയ്യപ്പെടുന്ന snehakeralam.com വെബ്സൈറ്റിലൂടെ സ്നേഹ കേരളം സുസാധ്യമാക്കുന്നതിനുള്ള ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കും. മാർച്ച് 17 വെള്ളിയാഴ്ച ഇൻ്റർനാഷണൽ തലത്തിൽ നടക്കുന്ന പ്രൗഢമായ സമ്മേളനത്തോടെയായിരിക്കും സ്നേഹ കേരളം ക്യാമ്പയിന് പരിസമാപ്തിയാവുക.
പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ: ഉസ്മാന് സഖാഫി തിരുവത്ര (ഐസിഎഫ് യുഎഇ നാഷണല്‍ സംഘടന കാര്യ പ്രസിഡണ്ട്), ഹമീദ് പരപ്പ (ഐസിഎഫ് യുഎഇ നാഷണല്‍ ജനറല്‍ സെക്രട്ടറി), സലാം മാസ്റ്റർ കാഞ്ഞിരോട്-കൺവീനർ പ്രസിദ്ധീകരണ വിഭാഗം, അബ്ദുല്‍ കരീം ഹാജി തളങ്കര (ഐസിഎഫ് യുഎഇ നാഷണല്‍ വെല്‍ഫെയര്‍ പ്രസിഡണ്ട്).