തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ഗുരുവായൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജനുവരി 17ന് ഗുരുവായൂർ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ പരിധികളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണം. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
പ്രധാനമന്ത്രി ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി, തൃപ്രയാർ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 17ന് തൃശൂർ, കുന്നംക്കുളം, ചാവക്കാട്, കൊടുങ്ങലൂർ താലൂക്കുകളിലും പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകൾ, മൈക്രോലൈറ്റ് എയർ ക്രാഫ്റ്റുകൾ, ഹാങ് ഗ്ലൈഡറുകൾ, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കൾ, ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു.