യുഎഇയിലെയും മെന മേഖലയിലെയും പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് സൂപ്പര്‍സ്റ്റാർ ഷാരൂഖ് ഖാനെ പ്രഖ്യാപിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബുര്‍ജീല്‍ ഹോൾഡിംഗ്സിന് വേണ്ടി മേഖലയിലുടനീളം പരസ്യപ്രചാരണവുമായി ഇനി ഷാരൂഖ് ഖാനെത്തും.
താരത്തിന്റെ ആരോഗ്യരംഗത്തെ ആദ്യ അംബാസഡര്‍ പദവിയാണിത്. അന്താരാഷ്ട്രതലത്തില്‍ ഷാരൂഖ് ഖാനുളള വലിയ സ്വീകാര്യതയും വിശ്വാസ്യതയും ഗ്രൂപ്പിന്റെ വരും പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. സൗദിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ബുർജീൽ ഹോൾഡിംഗ്സ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. 2030-ഓടെ സൗദിയിൽ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള സാധ്യതകളാണ് ഗ്രൂപ്പ് പരിഗണിക്കുന്നത്.
ലോകമെങ്ങും ആരാധകരുള്ള വ്യക്തിത്വത്തിനുടമയാണ് ഷാരൂഖാനെന്നും ജനജീവിതം കൂടുതല്‍ മനോഹരമാക്കുകയെന്ന പൊതുലക്ഷ്യത്തിന്റെ ഭാഗമായാണ് അദ്ദേഹം അംബാസിഡര്‍ പദവി ഏറ്റെടുത്തതെന്നും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ആരോഗ്യസേവനം എല്ലാവര്ക്കും അന്ത്യന്താപേക്ഷിതമായ മേഖലയാണെന്നും ഏവര്‍ക്കും പ്രാപ്തമായത് ആകണമെന്നും ഷാരൂഖ് ഖാൻ പ്രതികരിച്ചു. ഡോ. ഷംഷീര്‍ വയലിന്റെ വാക്കുകളും ഉൾക്കാഴ്ചയും പ്രചോദനാത്മകമെന്നും ഷാരുഖ് ഖാന് സൂചിപ്പിച്ചു.
പ്രവാസി സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് നിലവില്‍ മെന മേഖലയില്‍ 39 ആശുപത്രികളും മെഡിക്കൽ സെന്ററുകളുമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലുടനീളം ആശുപത്രി ശൃംഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ബുര്‍ജീല്‍ ഹോൾഡിംഗ്സ് മെഡിക്കല്‍ ഗവേഷണരംഗത്തും വിപുലമായ പ്രവര്‍ത്തനത്തിന് ചുവടുവയ്ക്കുകയാണ്.