സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധവുമായി രംഗത്ത്. സ്കൂൾ പഠന സമയമാറ്റം ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമർപ്പിച്ചതിന് പിന്നാലെയാണ് പ്രതിഷേധം.
പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. പഠനത്തിന് ഏറ്റവും യോജിച്ച സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനമടക്കമുള്ള മറ്റ് കാര്യങ്ങൾക്ക് വേണ്ടി മാറ്റിവെക്കാമെന്നുമാണ് റിപ്പോർട്ട്. രാജ്യത്ത് പൊതുവെ അംഗീകരിച്ച സമയക്രമമാണിതെന്നും കുട്ടികള്‍ക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്ന വിലയിരുത്തലിലുമാണ് ശുപാര്‍ശ.
അധ്യാപക പരിശീലനത്തിന് അഞ്ചു വര്‍ഷത്തെ കോഴ്സും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് പരിശീലനത്തിന് അപേക്ഷിക്കാന്‍ യോഗ്യത. ഇത് നടപ്പിലായാൽ ടിടിസി, ബിഎഡ് തുടങ്ങിയ കോഴ്സുകളുടെ ആവശ്യകത ഇല്ലാതാവുമെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.
എന്നാൽ സ്കൂൾ സമയമാറ്റം മതവിദ്യാഭ്യാസത്തെ ഇല്ലാതാക്കുമെന്നാണ് ലീഗിന്റെ വാദം. തീരുമാനം അടിച്ചേല്‍പ്പിച്ചാല്‍ വിലപ്പോവില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും ആവശ്യപ്പെട്ടു. സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്തയും രംഗത്ത് വന്നിട്ടുണ്ട്. പുതിയ മാറ്റം മദ്രസ പ്രവർത്തനത്തെയും മതപഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമർശനം.
2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മയുളള വിദ്യാഭ്യാസം, കുട്ടികളുടെ അവകാശം എന്ന വിഷയങ്ങളിലൂന്നി ജനകീയ വിദ്യാഭ്യാസക്രമം നടപ്പാക്കാനുളള ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ ഖാദര്‍ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം സര്‍ക്കാറിന് സമര്‍പ്പിച്ചതോടെയാണ് പുതിയ ചര്‍ച്ചകൾ ഉയര്‍ന്നുവരുന്നത്. എന്നാൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.