ദില്ലി: ജനനേന്ദ്രിയം നോക്കിയല്ല ലിംഗനിർണയം നടത്തേണ്ടത്, അത് കൂടുതൽ സങ്കീർണമായ ആശയമാണെന്നുമുള്ള നിരീക്ഷണവുമായി സുപ്രിം കോടതി. അതേസമയം സ്വവർഗ്ഗവിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കടുത്ത എതിർപ്പാണ് ഇന്ന് കേന്ദ്രസർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്.
രാജ്യത്ത് സ്വവർഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ചിരിക്കുന്ന ഹർജികളിൽ വാദം കേൾക്കവേയാണ് നിർണായക നിരീക്ഷണങ്ങൾ സുപ്രിം കോടതി നടത്തിയത്. ഒരു വ്യക്തിയുടെ ജനനേന്ദ്രിയം നോക്കിയല്ല ലിംഗം നിർണയിക്കേണ്ടതെന്നും അത് കുറച്ചു കൂടി സങ്കീർണമായ ആശയമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. കേസിൽ വാദം കേൾക്കുന്നത് വരും ദിവസങ്ങളിലും തുടരും. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.
അതേസമയം സ്വവർഗവിവാഹത്തിന് അനുമതി നൽകുന്നതിനെതിരെ കടുത്ത എതിർപ്പ് കേന്ദ്രം വീണ്ടും കോടതിയിൽ രേഖപ്പെടുത്തി. ഹർജിക്കാരുടെ ആവശ്യം രാജ്യതാൽപര്യങ്ങൾക്ക് എതിരാണെന്നും അതുകൊണ്ട് തന്നെ വാദം കേൾക്കണോയെന്ന കാര്യം കോടതി പരിശോധിക്കണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. എന്നാൽ ഹർജിക്കാരുടെ വാദം കേൾക്കണമെന്നും കോടതിയോട് വാദം കേൾക്കരുതെന്ന് പറയാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും കോടതി വിമർശിച്ചു.
പരസ്പരം ഇഷ്ചപ്പെടുന്നവർക്ക് വിവാഹിതരാകാമെന്ന് സുപ്രിംകോടതി പറയുമ്പോഴും സ്വവർഗപങ്കാളികൾക്ക് നിയപരിരക്ഷ ലഭിക്കുന്നില്ലെന്നാണ് ഹർജിക്കാർ ഉയർത്തുന്ന ആക്ഷേപം. സ്വവർഗവിവാഹം നിയമപരമാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും ഇതുവഴി കുട്ടികളെ ദത്തെടുക്കുക,സറോഗസി, പിന്തുടർച്ചാവകാശം നികുതിയിളവ് എന്നീ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്നാണ് ഹർജിക്കാരുടെ പ്രതീക്ഷ